മലബാര്‍ സമരം, സത്യത്തിനായുള്ള പോരാട്ടത്തില്‍ മുസ്ലിം ലീഗ് മുന്നില്‍ നില്‍ക്കും; പി.എം.എ സലാം

ബംഗളൂരു: 1921ലെ മലബാര്‍ സമരത്തിലെ പോരാളികളുടെ പേരുകള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിം ലീഗ് ശക്തമായി പ്രതിഷേധിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  കേരളത്തിലെ എല്ലാ ജില്ലകളിലും മുസ്‌ലിം ലീഗിന്റെയും പോഷകസംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന മൂന്നാമത് വിവാഹ സംഗമത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പി.എം.എ സലാം. ചരിത്രത്തില്‍ കടന്നു കയറാനുള്ള സംഘ് പരിവാര്‍ നീക്കമാണിതെന്നും അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ മലബാര്‍ സമരത്തില്‍ പങ്കെടുത്ത 387 രക്തസാക്ഷികളുടെ വിവരങ്ങളാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍) തയ്യാറാക്കിയ നിഘണ്ടുവില്‍നിന്ന് ഒഴിവാക്കാനുള്ള ശിപാര്‍ശയാണ് മൂന്നംഗ സമിതി നല്‍കിയത്.

ചരിത്രത്തെ വികൃതമാക്കാനും വികലമാക്കാനുമുള്ള ഇത്തരം നീക്കങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും ചരിത്രത്തെ അതിന്റെ വഴിക്ക് വിടണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു. ഗോഡ്‌സെക്ക് ക്ഷേത്രം ഉണ്ടാക്കിയവരാണ് ചരിത്രം വികലമാക്കാന്‍ ശ്രമിക്കുന്നത്. ബ്രീട്ടുഷുകാര്‍ക്ക് മാപ്പ് എഴുതികൊടുത്ത ചരിത്രമാണ് സംഘ് പരിവാറിന്റേത്. മലബാര്‍ സമരം ഏതെങ്കിലും മതവിശ്വാസികള്‍ക്ക് എതിരായിരുന്നില്ല. അത് ബ്രീട്ടുഷുകാര്‍ക്കെതിരെയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഐതിസാഹികമായ ഏടായ മലബാര്‍ സമരത്തെ മറച്ചുവെക്കാനുള്ള നീക്കം ചരിത്രത്തോടും രാജ്യത്തോടുമുള്ള അനീതിയാണ്. ഇത്തരം നീക്കവുമായി മുന്നോട്ടുപോയാല്‍ സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുസ് ലിംലീഗും പോഷക സംഘടനകളും അണിനിരക്കും.

ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ സാംസ്‌കാരിക നായകരെ പങ്കെടുപ്പിച്ച് പ്രതിഷേധ സംഗമങ്ങള്‍ നടത്തും. നിയമപരമായ രീതിയില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും. മതേതരത്വം ഉയര്‍ത്തിപിടിക്കുന്നതിനാണ് മലയാള രാജ്യം എന്ന പേര് നല്‍കിയത്. ഇസ്‌ലാമിക രാജ്യമാക്കാനായിരുന്നെങ്കില്‍ ഐ.എസ്.ഐ.എസ് എന്നോ മറ്റോ നല്‍കിയാല്‍ പോരായിരുന്നോ എന്നും പി.എം.എ സലാം ചോദിച്ചു. കോവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും ജനങ്ങളുടെ ജീവിതം വെച്ച് പന്താടുകയാണെന്നും ആളെ കൊല്ലുന്നതിനാണ് സര്‍ക്കാരിന് പുരസ്‌കാരം ലഭിച്ചതെന്നും പി.എം.എ സലാം ആരോപിച്ചു. വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ച േകാടികള്‍ ഉപയോഗിച്ച് വാക്‌സിന്‍ എത്തിക്കുന്നില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ കെ.എം.സി.സി ലോകത്ത് തുല്യതയില്ലാത്ത സംഘടനയാണ്. ഇത്രയധികം പ്രവാസികള്‍ അംഗങ്ങളായിട്ടുള്ള ഇത്രയധികം രാജ്യങ്ങളില്‍ ഘടകങ്ങളുള്ള പകരം വെക്കാനില്ലാത്ത സംഘടനയാണ് കെ.എം.സി.സിയെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us