ബെംഗളൂരു: സി.ബി.എസ്.സി. 12-ാം ക്ലാസ് പരീക്ഷ ജൂലൈ 2021നാണ് നടത്താൻ ഉദ്ദേശിക്കുന്നത് എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനം നിർദ്ദേശിച്ച ‘പ്ലാൻ ബി’യും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.
സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവയ്ക്കാനാണ് നേരത്തെ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ജൂൺ ഒന്നിന് കൊവിഡ് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. എന്നാൽ പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന പൊതു വികാരമാണ് സംസ്ഥാനങ്ങൾക്ക്.
സംസ്ഥാന സർക്കാർ നിർദ്ദേശിച്ച ‘പ്ലാൻ ബി’ പ്രകാരം സിബിഎസ്ഇ പരീക്ഷ സമയം ഒന്നര മണിക്കൂറായി ചുരുക്കി 19 പ്രധാന വിഷയങ്ങൾ ‘മൾട്ടിപ്പിൾ ചോയ്സ്’ മാതൃകയിൽ നടത്താനാണ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. കൂടാതെ ജൂലൈ 15 മുതൽ ഓഗസ്റ്റ് 1 വരേയും പിന്നീട് ഓഗസ്റ്റ് 5 മുതൽ 26 വരേയും രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
പരീക്ഷ സമയം ചുരുക്കി നടത്തുന്നതിനോട് യോജിച്ച വിദ്യാഭ്യാസ മന്ത്രാലയം ചില പരീക്ഷകൾ മാത്രം സമയം ചുരുക്കി നടത്തണമെന്ന നിലപാടാണ് എടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്. സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ്
ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും നിലപാട്. രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായി കുറയുന്ന സാഹചര്യത്തിൽ കൂടിയാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാട് സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നത്.
വിദ്യാർത്ഥികൾക്ക് വാക്സീൻ എത്രയും വേഗം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഒടുവിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിടുകയാണ്. പന്ത്രണ്ടാം ക്ളാസ് പരീക്ഷ വൈകുമ്പോൾ നീറ്റ് ഉൾപ്പടെയുള്ള പ്രവേശന പരീക്ഷകളെയും ബാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.