കോവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ന്യൂഡൽഹി: കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ഏപ്രില്‍ മുപ്പതുവരെ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് നിര്‍ദേശം. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്,കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതായി ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു.

ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിരക്ക് കുറവുള്ള സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും അത് വര്‍ധിപ്പിക്കണം. പരിശോധനാനിരക്ക് 70 ശതമാനമെങ്കിലും എത്തിക്കണം. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ക്വാറന്റൈന്‍ ഉറപ്പാക്കുകയും സമയബന്ധിതമായി ചികിത്സ നല്‍കുകയും വേണം. അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ വേഗം കണ്ടെത്തുകയും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുകയും വേണം.

 

കോവിഡ് പോസിറ്റീവ് കേസുകളും, സമ്ബര്‍ക്കവും കണക്കിലെടുത്ത് ജില്ലാ അധികാരികള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ശ്രദ്ധാപൂര്‍വം നിര്‍ണയിക്കണം (മൈക്രോ ലെവല്‍). കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക വെബ്‌സൈറ്റുകളില്‍ അതത് ജില്ലാ കളക്ടര്‍മാരും, സംസ്ഥാനങ്ങളും/കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടുത്തണം.

ഈ പട്ടിക പതിവായി കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി പങ്കിടുകയും വേണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ (വീടുകള്‍ തോറുമുള്ള നിരീക്ഷണം, കോണ്‍ടാക്‌ട് ട്രെയ്‌സിംഗ് തുടങ്ങിയവ) നടപ്പാക്കണം.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ, പൊലീസ്, മുനിസിപ്പല്‍ അധികാരികള്‍ ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം സംസ്ഥാനങ്ങളും ഉറപ്പുവരുത്തണം.

പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍, തിരക്കേറിയ പ്രദേശങ്ങള്‍ എന്നിവയില്‍ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് അനിവാര്യമായ നടപടികള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്വീകരിക്കാം.

സാമൂഹിക അകലം പാലിക്കല്‍, ഫേസ് മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, എന്നിവ നടപ്പാക്കുന്നതിന് പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികളും സംസ്ഥാനങ്ങള്‍ സ്വീകരിക്കാം. കർണാടകത്തിൽ പിഴത്തുക വർധിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

രോഗവ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പ്രാദേശികം/ജില്ല/സിറ്റി തലങ്ങളിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ല.

ചരക്കുനീക്കത്തിനും മറ്റും പ്രത്യേക അനുമതിയുടെ ആവശ്യവുമില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

മറ്റുപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും തടസപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us