ബെംഗളൂരു : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ കൃഷ്ണരാജപുരം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളിന് കൊടിയേറി.
പരിശുദ്ധ ബാവായുടെ 89-ാമത് ദുഃഖ്റോനോ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ബാംഗ്ലൂർ ഭദ്രാസനാധിപൻ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. വികാരിമാരായ ഫാ. എം.യു പൗലോസ്, ഫാ. പ്രവീൺ കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് വൈകിട്ട് സന്ധ്യാപ്രാർത്ഥന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം എന്നിവ നടക്കും. പ്രധാന പെരുന്നാൾ ദിവസമായ നാളെ രാവിലെ 8 മണിക്ക് പ്രഭാതപ്രാർത്ഥനയും 9 മണിക്ക് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും ഉണ്ടാകും. പരിശുദ്ധ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന കബറിടത്തിൽ പ്രത്യേക ധൂപപ്രാർത്ഥനയും തുടർന്ന് വിശ്വാസികൾ വഴിപാടായി സമർപ്പിച്ച ആദ്യ ഫലങ്ങളുടെ ലേലവും നടക്കും. ഉച്ചയ്ക്ക് സ്നേഹവിരുന്നോടു കൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
ബാംഗ്ലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നാനാജാതി മതസ്ഥരുടെ സഹകരണത്തോടെ പരിശുദ്ധന്റെ ഓർമ്മപ്പെരുന്നാൾ വളരെ വിപുലമായ രീതിയിലാണ് നാളിതുവരെ നടത്തിയിട്ടുള്ളത്. എന്നാൽ ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ പെരുന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി വളരെ ലളിതമായ ചടങ്ങുകളോടെ പെരുന്നാൾ നടത്തപ്പെടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.