ബെംഗളൂരു : ഈ അധ്യായന വർഷം സ്വകാര്യ സ്കൂൾ ഫീസ് 30% കുറച്ച സർക്കാർ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ആലോചിക്കുന്നതായി സ്വകാര്യ സ്കൂൾ മാനേജ്മെൻ്റിൻ്റെ സംഘടനകൾ.
ഫീസ് കുറയ്ക്കുന്നത് ജീവനക്കാരുടെ ശമ്പള വിതരണത്തെ ബാധിക്കുമെന്ന് മാനേജ് മെൻ്റുകൾ പറയുന്നു.
കോവിഡ് കാലത്ത് 30 ശതമാനത്തോളം വരുമാനം നഷ്ടമായെന്നും ഫീസ് കുറയ്ക്കാനുള്ള നിർദേശം അധിക ബാധ്യത ക്ഷണിച്ചുവരുത്തുമെന്നും അവർ വാദമുയർത്തുന്നു.
നേരത്തേ മുഴുവൻ ഫീസ് നൽകിയ രക്ഷിതാക്കൾക്ക് 70 ശതമാനം കഴിഞ്ഞുള്ള തുക തിരിച്ചുകൊടുക്കുന്നത് ഈ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്.
ഫീസ് കുറയ്ക്കുന്ന കാര്യത്തിൽ സർക്കാർ ഏകപക്ഷീയമായ തീരുമാനമെടുക്കുന്നതിന് മുമ്പായി സ്കൂൾ മാനേജ്‌മെന്റിനോടും രക്ഷിതാക്കളോടും ചർച്ച നടത്തണമായിരുന്നുവെന്നും സ്കൂൾ മാനേജ്‌മെന്റുകൾ പറയുന്നു.
30 ശതമാനം ഫീസ് കുറയ്ക്കുന്നതിന് പകരമായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്ക് മാത്രം സഹായകമാകുന്ന തീരുമാനം എടുക്കണമായിരുന്നുവെന്നും സ്കൂളിന് ഫീസ് നൽകാൻ തയ്യാറായി നിൽക്കുന്ന രക്ഷിതാക്കളെ അതിന് അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കോവിഡ് രോഗവും തുടർന്നുള്ള സാഹചര്യവും കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകളിലെ ഫീസ് 30% വെട്ടിക്കുറച്ചതായി സർക്കാർ മുൻപ് അറിയിച്ചിരുന്നു
ഈ അക്കാഡമിക്ക് വർഷത്തിൽ 70% ഫീസ് മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഈടാക്കാവൂ എന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയതായി പ്രൈമറി, സെക്കൻററി വിദ്യാഭ്യാസ കാര്യ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചത്.
ഈ നിരക്ക് കുറവ് ഈ വർഷം മാത്രമാണ് ബാധകം, സി.ബി.എസ്.സി, ഐ.സി.എസ്.സി., സംസ്ഥാന സിലബസിൽ അടക്കം എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണ്.
കർണാടക വിദ്യാഭ്യാസ ചട്ടം 1983, എപ്പിഡമിക് ഡിസീസസ് ആക്ട് 1897 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സർക്കാർ സ്വകാര്യ സ്കൂൾ ഫീസിൽ ഇടപെട്ടത്.
ഡവലപ്പ്മെൻ്റ് ഫീ, ട്രസ്റ്റിന് ഉള്ള സംഭാവന, ട്രാൻസ്പോർട്ടേഷൻ, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് എന്നിവയ്ക്ക് ഈടാക്കുന്ന തുക ഈ വർഷം നൽകേണ്ടതില്ല.
ഇതു വരെ കൂടുതൽ തുക നൽകിയ രക്ഷിതാക്കൾക്ക് അധിക തുക തിരിച്ച് നൽകുകയോ അടുത്ത വർഷത്തേക്ക് വകയിരുത്തുകയോ വേണം.
ചുരുങ്ങിയത് 2-3 ഘടുക്കളായി ഫീസ് നൽകാനുള്ള അവസരം നൽകണം.
അതേ സമയം രക്ഷിതാക്കളുടെ സംഘടന ഫീസ് 50% ആയി എങ്കിലും കുറക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.