ബെംഗളൂരു: സംസ്ഥാനത്ത് രോഗമുക്തിനിരക്ക് 95%; കോവിഡ് ബാധിതരിൽ പത്തിൽ ഒൻപത് പേരും രോഗമുക്തർ. 8.48 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇവരിൽ 8 ലക്ഷം പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത ഗണ്യമായി കുറഞ്ഞു.
പ്രതിദിന രോഗികളും മരണനിരക്കും കുറഞ്ഞതോടൊപ്പം രോഗമുക്തി കൂടി. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും കുറഞ്ഞു. ചികിത്സയിലുള്ളത് 33,000 പേരാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.12 ശതമാനമായും മരണ നിരക്ക് 0.97 ശതമാനമായും കുറഞ്ഞു.
രോഗം വ്യാപനം കുറഞ്ഞെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുനൽകി. ദീപാവലി ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു. ദിവസേന ഒരു ലക്ഷത്തിലധികംപേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ ജനങ്ങളുടെ ഇടയിൽ ജാഗ്രത കുറഞ്ഞിരിക്കുകയാണ്.
മാർക്കറ്റുകളിലും മാളുകളിലുമെത്തുന്നവരുടെ എണ്ണം കൂടി. മാസ്ക് ധരിക്കാത്തവരുടെ എണ്ണവും കൂടി. തുടക്കത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ബെംഗളൂരുവിലാണ്. സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന ബെംഗളൂരുവിലും രോഗികൾ കുറഞ്ഞു.
നഗരത്തിൽ ഇതുവരെ 3.50 ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 3.28 ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ 18000 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണവും ബെംഗളൂരുവിലായിരുന്നു. എന്നാൽ മരണനിരക്ക് പത്തിൽ താഴെയായി കുറഞ്ഞു. കഴിഞ്ഞ ദിവസം 5 പേരാണ് മരിച്ചത്. ഇതുവരെ 3961 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
മൈസൂരുവിലും രോഗികൾ കുത്തനെ കുറഞ്ഞു. രോഗം ബാധിച്ച 48,850 പേരിൽ 46,807 പേരും രോഗമുക്തി നേടി. ബെംഗളൂരു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് മൈസൂരുവിലായിരുന്നു. ഇതുവരെ 974 പേരാണ് മരിച്ചത്. മരണനിരക്ക് കുത്തനെ കുറഞ്ഞു. മൈസൂരു ദസറ ആഘോഷങ്ങൾ കണക്കിലെടുത്ത് സുരക്ഷ കർശനമാക്കിയത് കോവിഡ് വ്യാപനം തടയാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.