ബംഗളുരു: പാമ്പ് കടിച്ചതിനെ തുടർന്ന്
കോമയിലായ അഞ്ചു വയസുകാരൻ തിരിച്ച്ജീവിതത്തിലേക്ക്.
ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ
ചികിത്സയിലാണ് കുട്ടി ജീവിതത്തിലേക്ക് വീണ്ടും പിച്ചവെയ്ക്കുന്നത്.
അഞ്ചു വയസുകാരനായ നിഷിത്
ഗൗഡയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.
കർണാടകയിലെ ഹസൻ ജില്ലയിൽ ജൂലൈ 26നാണ് സംഭവം. മഴ സമയത്ത് വീടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ തുടങ്ങുന്നതിനിടെ
പാമ്പ് കടിയേൽക്കുകയായിരുന്നു.
ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽഎത്തിച്ചെങ്കിലും പതുക്കെ കുട്ടി കോമയിലേക്ക് പോകുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ, അഞ്ചു വയസുകാരനെ ആ ദിവസം തന്നെ വിദഗ്ധചികിത്സയ്ക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിയുടെ അച്ഛൻ ദിവസക്കൂലിക്ക്
പണിയെടുക്കുന്ന തൊഴിലാളിയാണ്.
ശരീരം പൂർണമായി തളർന്ന കുട്ടിയെ കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ആന്റി വെനം ചികിത്സയും
മരുന്നുകളും കുട്ടിക്ക് നൽകി തുടങ്ങി. വിഷം മാരകമായിരുന്നു.
ഇത് ഞരമ്പുകളുടെ പ്രവർത്തനത്തെയാണ് കാര്യമായി ബാധിച്ചത്.
ഇതാണ് കുട്ടിയുടെ ശരീരം മുഴുവൻ തളർന്നുപോകാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
എന്നാൽ ഏഴു ദിവസം കഴിഞ്ഞ് കാര്യങ്ങൾ മാറിമറിയുന്നതാണ് കണ്ടത്.
ഏഴുദിവസം കഴിഞ്ഞപ്പോൾ കുട്ടിക്ക് ബോധംതിരിച്ചുകിട്ടി തുടങ്ങി.
അഞ്ചുവയസുകാരന്റെ ശരീരം
ചലിക്കാൻ തുടങ്ങി.
പക്ഷാഘാതത്തിൽ നിന്ന് കുട്ടി
മോചിതനായെന്ന് കുട്ടികളുടെ ഡോക്ടറായ ചേതൻ ജിനിഗരി പറയുന്നു.
ഓഗസ്റ്റ് 10ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ കുട്ടി വീട്ടിൽ
വിശ്രമത്തിലാണ്.
ആരോഗ്യം പൂർണമായിവീണ്ടെടുക്കുന്നത് വരെ കൃത്രിമ ശ്വാസത്തിന്റെയും മറ്റു
ചികിത്സകളുടെയും സഹായത്തോടെയാണ് കുട്ടി വീട്ടിൽ കഴിയുന്നത്.