ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യൻ മണ്ണ് സംരക്ഷിക്കാൻ സൈന്യം അതീവ ജാഗ്രതയിൽ. ഗൽവാൻ സംഘർഷത്തിന് പരിഹാരമുണ്ടാകാതിരിക്കുന്ന പശ്ചാത്തലത്തിൽ നാല് ഡിവിഷൻ സൈന്യത്തെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. 15,000 മുതൽ 20,000 സൈനികർ വരെയാണ് ഒരു ഡിവിഷനിൽ ഉണ്ടാവുക.
ലഡാക്കിൽ ചൈനയുമായി 856 കിലോമീറ്റർ വരുന്ന നിയന്ത്രണ രേഖയാണ് ഉള്ളത്. ഇത്രയും ദൂരത്തിനിടയിൽ ഏകദേശം കുറഞ്ഞത് 60,000 സൈനികരാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്നർഥം. ഉത്തർപ്രദേശിൽ നിന്നാണ് മൂന്ന് ഡിവിഷൻ സേനയെ എത്തിച്ചത്. ഇതിനൊപ്പം ആവശ്യമായ പടക്കോപ്പുകളും പീരങ്കികളുമൊക്കെ ലഡാക്കിൽ എത്തിച്ചിട്ടുണ്ട്.
ചൈനയുടെ ഭാഗത്തുനിന്നുള്ള ഏതൊരു കടന്നുകയറ്റത്തേയും പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം. നിയന്ത്രണ രേഖ തുടങ്ങുന്ന കാരക്കോറം പാസ് മുതൽ സൗത്ത് ലഡാക്കിലെ ചുമുർ വരെയാണ് സേനയെ വിന്യസിച്ചത്. കാരക്കോറം പാസ്, ദൗലത് ബേഗ് ഓൽഡി, ഡെസ്പാങ്, ഗൽവാൻ താഴ്വര, പാംഗോങ് തടാകം. ഡെംചോക്, കോയിൽ, ചുമുർ എന്നിവിടങ്ങളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്.
ലഡാക്കിലെ സൈനിക വിന്യാസം സമാനതകളില്ലാത്തതാണ്. കഴിഞ്ഞ മെയ്മാസം വരെ ഒരുഡിവിഷൻ മാത്രമാണ് ലഡാക്കിൽ വിന്യസിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് നാലായി വർധിപ്പിച്ചിരിക്കുകയാണ്. മെയ് മാസത്തിനു മുമ്പ് സൈന്യത്തിന്റെ 14 കോർപ്സ് ഡിവിഷൻ മാത്രമാണ് ലഡാക്കിലുണ്ടായിരുന്നത്.
സംഘർഷം പരിഹരിക്കപ്പെടാതെ രൂക്ഷമായ സാഹചര്യത്തിൽ കുടുതൽ സേനയും പീരങ്കികളും ടാങ്കുകൾ ഉൾപ്പെടെയുള്ള കവചിത വാഹനങ്ങളും ഇന്ത്യ ഇവിടേക്ക് എത്തിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.