നാടണയാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര സൗകര്യം ഒരുക്കി ബെംഗളൂരു മലയാളി റോബോ മുഹമ്മദ്‌. 45 നു മുകളിൽ ബസുകൾ നാട്ടിലേക്കയച്ചു.

ബെംഗളൂരു :നാടണയാൻ ഒരു കൈത്താങ്ങ് രാജ്യം മുഴുവൻ ലോക്ഡൗണിൽ ആയപ്പോൾ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതെ അന്യനാടുകളിൽ കുടുങ്ങിപ്പോയ ഒട്ടേറെ മലയാളികളുണ്ട്. അവർക്ക് നാട്ടിലെത്താൻ വേണ്ട സഹായങ്ങളുമായി മുന്നോട്ട് പോവുകയാണ് റോബോ മുഹമ്മദ് എന്ന മലയാളി.

ബെംഗളൂരുവിലെ  മടിവാള കേന്ദ്രമായാണ് റോബോയുടെ പ്രവർത്തനങ്ങൾ.കേരളത്തിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്നവർക്കായുള്ള യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചപ്പോൾ വാട്ട്സപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് എന്നിവയെയായിരുന്നു റോബോ തുടക്കത്തിൽ ആശ്രയിച്ചത്. യാത്രക്കാരെ 25 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്തു. ഇസ്ര, റിഥം എന്നീ ട്രാവൽസുകളുമായി സഹകരിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം എന്നീ ജില്ലകളിലേക്കുള്ള യാത്രയാണ് ആദ്യഘട്ടത്തിൽ നടത്തിയത്.

ഈ ഘട്ടത്തിൽ റോബോക്കും ട്രാവൽസ് അധികൃതർക്കും നിരവധി ആശങ്കകൾ ഉണ്ടായിരുന്നു. അതു കൊണ്ട് അഡ്വാൻസ് തുക യാത്രക്കാരിൽ നിന്ന് ഈടാക്കാതെ അദ്ദേഹം നേരിട്ട് ട്രാവൽസിന് കൈമാറുകയായിരുന്നു.

ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൻ്റെ ആത്മവിശ്വാസത്തിൽ റോബോ തൻ്റെ മൊബൈൽ നമ്പർ കൂടുതൽ ആളുകളിലേക്ക് സമൂഹമാധ്യമങ്ങൾ വഴി ഷെയർ ചെയ്യുകയും തുടർന്ന് കോവിഡ് 19 പേജിലൂടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു. നോർക്ക വഴി പാസ്സുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായിരുന്നു തുടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും ബസ്സ് ഏർപ്പെടുത്തി നൽകണമെന്ന ആവശ്യവുമായി കൂടുതൽ പേർ സമീപിക്കാൻ തുടങ്ങിയതോടെ നാടണയാൻ കാത്തിരിക്കുന്നവർക്ക് ഒരു ആശ്രയ കേന്ദ്രമായി അദ്ദേഹം മാറി.

തമിഴ്നാട് പാസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി വേഗത്തിൽ പൂർത്തിയാക്കിയും, പ്രയാസമനുഭവിക്കുന്ന വിദ്യാർഥികളുടെ ചെലവുകളുടെ ഒരു പങ്ക് സ്വയം വഹിച്ചും റോബോ മുന്നോട്ട് പോയി.
അത്യാവശ്യക്കാരെ നാട്ടിലെത്തിക്കാൻ വേണ്ട ഏതാനും സർവ്വീസുകൾക്ക് ശേഷം ഈ പദ്ധതി അവസാനിപ്പിക്കാം എന്ന തീരുമാനം കൂടുതൽ പേർ സഹായമഭ്യർഥിച്ച് എത്തിയതോടെ റോബോ തിരുത്തുകയായിരുന്നു. തുടർന്ന് മികച്ച ആസൂത്രണത്തോടെ കൂടുതൽ ബസ്സുകൾ കേരളത്തിലേക്ക് അയച്ചു. ഇതിനായി ഏറ്റവും കുറഞ്ഞ നിരക്കിൽ സർവീസ് നടത്താൻ തയ്യാറായ 3 ട്രാവൽസുകളുമായി സഹകരിച്ച് അവരുടെ 2 ബസ്സുകൾ വീതം ഉപയോഗപ്പെടുത്തി.

ഒരു സീറ്റിന് നിശ്ചിത തുക യാത്രക്കൂലി ഈടാക്കുന്നതിന് പകരം മൊത്തം യാത്രാച്ചെലവിനെ തുല്യമായി വിഭജിച്ച് അത് പങ്കിട്ടെടുക്കുന്ന രീതിയാണ് റോബോ അവലംബിച്ചത്. അതോടൊപ്പം പണത്തിൻ്റെ കാര്യത്തിലും അദ്ദേഹം വിട്ടുവീഴ്ചകൾ ചെയ്തിരുന്നു. യാത്രാച്ചെലവ് മുഴുവനായി വഹിക്കാൻ കഴിയാത്തവർക്ക് ഇളവുകളും വളരെ പാവപ്പെട്ടവർക്ക് സൗജന്യ യാത്രാ സൗകര്യവും നൽകിയിരുന്നു.

45 നു മുകളിൽ ബസ്സുകൾ റോബോയുടെ നേതൃത്വത്തിൽ നാട്ടിലേക്ക് അയച്ച് കഴിഞ്ഞു. ഇത്രയും യാത്രക്കിടെ ഒരു ട്രിപ്പിൽ മാത്രമേ നിശ്ചിത എണ്ണത്തിൽ കുറവ് യാത്രക്കാർ ഉണ്ടായിരുന്നുള്ളൂ. ഈ ട്രിപ്പിൻ്റെ നഷ്ടം നികത്താൻ ട്രാവൽസും അദ്ദേഹത്തോട് സഹകരിച്ചു.

ഓരോ ട്രിപ്പും ആരംഭിക്കുന്നതിന് മുൻപ് വാട്ട്സപ്പ് ഗ്രൂപ്പ് വഴി കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം യാത്ര പുറപ്പെടുന്നതിന് മുമ്പ് 30-45 മിനുട്ട് വരെ ദൈർഘ്യമുള്ള ക്ലാസ്സിലൂടെ യാത്രക്കിടെ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഹോം ക്വാറൻ്റൈൻ തുടങ്ങിയവയെക്കുറിച്ചെല്ലാം യാത്രക്കാർക്ക് വ്യക്തമായി വിശദീകരിച്ച് നൽകിയിരുന്നു.

ആരംഭത്തിൽ ഒരു കൂട്ടം ആളുകൾ റോബോക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ക്രമേണ ഓരോരുത്തരായി പിൻമാറി. തുടർന്ന് എല്ലാ ഉത്തരവാദിത്വങ്ങളും സ്വയം ഏറ്റെടുത്ത് മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ കൂടുതൽ സർവ്വീസുകൾ നടത്തിയതോടെ ചില ട്രാവൽസുകൾ റോബോക്കെതിരെ അപവാദപ്രചരണങ്ങളുമായി രംഗത്തെത്തിയതാണ് ഇപ്പോൾ അദ്ദേഹത്തെ വിഷമത്തിലാക്കിയിരിക്കുന്നത്.

കുറഞ്ഞ ചെലവിൽ തങ്ങൾക്ക് സർവ്വീസ് നടത്താൻ കഴിയുമെന്നും,റോബോ കൂടുതൽ പണം ഈടാക്കുന്നുവെന്നും അവർ പ്രചരിപ്പിക്കുന്നു. പക്ഷേ അത്തരം പ്രചരണങ്ങളിലൊന്നും അടിപതറാതെ ഹൈദരാബാദ്, കൊൽക്കത്ത,  മുംബൈ തുടങ്ങിയ നഗങ്ങളിൽ നിന്നുകൂടി സർവ്വീസുകൾ ഒരുക്കി തൻ്റെ പ്രവർത്തന പരിധി വിപുലീകരിച്ച് മുന്നോട്ട് പോവുകയാണ് അദ്ദേഹം.

നാട്ടിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട ഏതാവശ്യങ്ങൾക്കും 8310780129 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം. വീടണയാൻ ഒരു കൈത്താങ്ങായി റോബോ മുഹമ്മദ് നിങ്ങൾക്കൊപ്പം ചേരും.

(നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും എന്ന നല്ല ലക്ഷ്യത്തോടെയാണ് ഇത്തരം വാർത്തകൾ “ബെംഗളുരു വാർത്ത”നൽകുന്നത്, സംഘടനകൾ ആവശ്യപ്പെട്ടത് പ്രകാരമാണ് ഈ വാർത്ത നൽകുന്നത്, ഇതിൽ നൽകിയ നമ്പറുകളിൽ വിളിച്ച് ഉറപ്പിച്ച ശേഷം യാത്ര ചെയ്യുക, ഇത്തരം വാർത്തകളിൽ നിന്ന് ഞങ്ങൾക്ക് ഒരു തരത്തിലുള്ള സാമ്പത്തിക ലാഭമോ ഇത്തരം വാർത്തകളുടെ ഉത്തരവാദിത്തമോ ഞങ്ങൾക്ക് ഉണ്ടായിരിക്കുന്നതല്ല)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us