“ഫ്രഷ് ടു ഹോമി”ന് പറയാനുള്ളത്….

ബെംഗളൂരു : നഗരത്തിലടക്കം ഭക്ഷണ വസ്തുക്കൾ ഓൺലൈനിലൂടെ എത്തിക്കുന്ന ഒരു സ്ഥാപനമാണ് “ഫ്രഷ്ടു ഹോം”.എന്നാൽ ഇവരുടെ വ്യവസായത്തെ കുറിച്ച് രണ്ട് ദിവസം മുൻപ് ബ്രാൻറിൻ്റെ പേരു പ്രതിപാദിച്ചു കൊണ്ട് ഒരു യൂട്യൂബ് ചാനൽ രംഗത്ത് വന്നിരുന്നു, എന്നാൽ അതിൽ പറഞ്ഞിരിക്കുന്നതെല്ലാം വ്യാജമാണെന്നും ചാനലിനെതിരെ നിയമ നടപടിയുമായി  മുന്നോട്ടു പോവുകയാണ് എന്നുമാണ് സ്ഥാപനത്തിൻ്റെ സി.ഇ.ഒ അറിയിച്ചിരിക്കുന്നത്.

വിശദീകരണം താഴെ വായിക്കാം.

കഴിഞ്ഞ ദിവസങ്ങളിൽ ഫ്രഷ് ടു ഹോമിനെ തീർത്തും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒരു ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച വീഡിയോ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ വിശദീകരണം. നിയമങ്ങൾ വളരെ കർശനമായി പാലിച്ചുകൊണ്ട് മികച്ച രീതിയിലുള്ള സേവനം നൽകുന്ന ഞങ്ങളുടെ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുകയും അതേ സമയം ബ്ലാക്ക് മെയിൽ ചെയ്ത് ഞങ്ങളിൽ നിന്ന് പണം തട്ടുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണോ എന്ന് സംശയിക്കത്തക്ക രീതിയിൽ തികച്ചും ബോധപൂർവ്വമായി ഫ്രെയിം ചെയ്ത ഒരു വീഡിയോ ആണ് അവർ ഓൺലൈൻ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ഇവർക്കെതിരേ ഫ്രഷ് ടു ഹോം ക്രിമിനൽ, മാനനഷ്ടക്കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കേസ് നടപടികൾ നിയമപരമായ വഴിക്ക് നടക്കുമെങ്കിലും ദുരുദ്ദേശത്തോടെ ഈ ദുരന്തകാലത്ത് ഇത്തരമൊരു വീഡിയോ പ്രചരിപ്പിച്ചത് വഴി ചിലർക്കെങ്കിലും ഒരു തെറ്റിദ്ധാരണ ഉണ്ടാകാനിടയുള്ളത് കൊണ്ട് കൂടിയാണ് ഇത്തരമൊരു വിശദീകരണം.
വീഡിയോ നിർമ്മിക്കാനായി ഇവർ ഞങ്ങളുടെ വിതരണകേന്ദ്രത്തിന്റെ പുറത്തെ പാസ്സിങ് ഷോട്ടുകൾ എടുക്കുകയും, എന്നാൽ ഇതിനോടൊപ്പം മറ്റ് പല സ്ഥലങ്ങളിൽ നിന്നുള്ള ഫൂട്ടേജുകൾ കൂടി ചേർത്ത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഒരു വീഡിയോ നിർമ്മിച്ചെടുക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഞങ്ങൾക്ക് കേന്ദ്രീകൃതമായി കേരളത്തിൽ ഒരു ഫാക്ടറി മാത്രമാണ് ഉള്ളത്. ഇത് ആലപ്പുഴ ജില്ലയിലെ അരൂരിലാണ്. ലഭിക്കുന്ന ഓർഡറുകൾക്ക് അനുസരിച്ച് മത്സ്യം വൃത്തിയാക്കി, ഭംഗിയായി പായ്ക്ക് ചെയ്ത് ഓർഡർ നമ്പരും മേൽവിലാസവും അടക്കം രേഖപ്പെടുത്തിയ ശേഷം പ്രത്യേകം തയ്യാറാക്കിയ താപനിലനിയന്ത്രിത ബോക്സിലാക്കുന്നതും ഈ ഫാക്ടറിയിൽ വച്ച് തന്നെയാണ്. ഫാക്ടറിയിൽ നിന്ന് എത്തിക്കുന്ന ഓർഡറുകൾ ഡെലിവറി ബോയ്മാരുടെ പക്കൽ കൊടുത്തുവിടുന്ന പ്രക്രീയമാത്രമാണ് ഹബ്ബുകളിൽ നടക്കുന്നത്.
ഏഷ്യാനെറ്റിന്റെ അഭിമുഖത്തിൽ ചിത്രീകരിച്ച ഞങ്ങളുടെ ഫാക്ടറിയുടെ ഉൾവശം ഈ ലിങ്കിൽ
കാണാം https://www.youtube.com/watch?v=QK60WlaE2Mo&feature=youtu.be
ഈ ഫാക്ടറിയ്ക്ക് പകരം വ്യാജ വീഡിയോയിൽ ശുചിത്വമില്ലാത്ത മാർക്കറ്റുകളുടെ ചിത്രങ്ങൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വ്യാജവാർത്ത നിർമ്മിക്കുകയാണ് ഈ ഓൺലൈൻ മാധ്യമം ചെയ്തത്. ഇത് കൂടാതെ കോവിഡ് ലോക്ക്ഡൌൺ കാലത്ത് സർക്കാർ ടൺകണക്കിന് രാസവസ്തുക്കൾ കലർന്ന മത്സ്യം പിടിച്ചെടുത്തുതും കൂടി ചേർത്ത് വച്ച് കേരളത്തിന് പുറത്ത് നിന്ന് ഞങ്ങൾ മത്സ്യമെത്തിക്കുന്നുവെന്ന തെറ്റിദ്ധാരണ പരത്താനും ഇവർ ശ്രമിച്ചു. ഇത് പൂർണ്ണമായും തെറ്റാണ്. വീഡിയോയിലെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു.

*1* . വീഡിയോയിൽ കാണിച്ചിട്ടുള്ള തിരുവനന്തപുരത്തെ സ്ഥാപനം ഞങ്ങളുടെ ഫാക്ടറിയല്ല, പകരം, വിതരണ സൌകര്യം കുറ്റമറ്റതാക്കാനുള്ള ഒരു ഹബ്ബ് ആണ്. ഹബ്ബുകളിൽ മത്സ്യം ശേഖരിക്കുകയോ ക്ലീൻ ചെയ്യുകയോ മത്സ്യം നേരിട്ട് വിൽക്കുകയോ ചെയ്യുന്നില്ല. ഗുണനിലവാരം ഉറപ്പാക്കാനായി ഫ്രഷ് ടു ഹോം ഓൺലൈൻ ഓർഡറുകൾ മാത്രമേ വിതരണം ചെയ്യുന്നുള്ളു.
*2* . വീഡിയോയിലെ പ്രധാന ചോദ്യം ലോക്ക്ഡൌൺ കാലഘട്ടത്തിൽ ഫ്രഷ് ടു ഹോമിന് എങ്ങനെ മത്സ്യം എത്തിക്കാൻ സാധിക്കുമെന്നതാണ് – ഞങ്ങൾ മത്സ്യം ഇടനിലക്കാരെ ഒഴിവാക്കി കേരളത്തിലെ ചെറുകിട മത്സ്യബോട്ടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുകയാണ് ചെയ്യുന്നത്. ലോക്ക്ഡൌൺ കാലത്ത് തുറുമുഖങ്ങൾ അടച്ചെങ്കിലും ആലപ്പുഴ ബെൽറ്റിലും കൂടാതെ വിഴിഞ്ഞം ബെൽറ്റിലും ചെറുകിട ബോട്ടുകൾ പ്രവർത്തിച്ചിരുന്നു. അതുകൊണ്ടാണ് നഗരത്തിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങുന്ന മത്സ്യത്തെ ആശ്രയിച്ചിരുന്നവർക്ക് മത്സ്യം ലഭിക്കാതെ വന്നപ്പോഴും ഞങ്ങൾക്ക് വിതരണം ഉണ്ടായിരുന്നത്. കൂടാതെ നഗരത്തിനുള്ളിലും വിവിധ നഗരങ്ങളിലേക്കും അവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള കോവിഡ് പാസും അധികാരികളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇത് കൂടാതെ ഫ്രഷ് ടു ഹോം കരാർ കൃഷിയിലൂടെ 2500 ടണ്ണിലധികം ശുദ്ധജല മത്സ്യങ്ങൾ (ബാസ, രോഹു, കട്ല മുതലായവ) ആലപ്പുഴയിൽ കൃഷി ചെയ്യുന്നുണ്ട്. ഇവയെ ലോക് ഡൌൺ ബാധിച്ചിട്ടില്ല.
*3* . ഞങ്ങളുടെ എല്ലാ ഉത്പ്പന്നങ്ങളും ഫ്രഷാണെന്ന് ടിയുവി എസ് യുഡി പോലുള്ള ലാബുകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ ലിങ്ക് പരിശോധിക്കുക https://www.freshtohome.com/certificates.
*4* . ഞങ്ങളുടെ ബിസിനസിനെ അവശ്യ സേവനങ്ങളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുള്ളതിനാൽ ഈ ദിവസങ്ങളിലെല്ലാം ഞങ്ങളുടെ എല്ലാ സേവനങ്ങളും 100% പ്രവർത്തനസജ്ജമാണ്. ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും ഇതിൽ വീഴ്ചയുണ്ടായിട്ടില്ല. എന്ത് തന്നെയായാലും ഇത് വളരെ നിന്ദ്യമായ ഒരു പ്രവൃത്തിയാണെന്ന് പറയാതെ വയ്യ. പരിപാവനമായ മാധ്യമ പ്രവർത്തനത്തിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമേൽപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇത്തരക്കാർ ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചാനലിന്റെ റെക്കോർഡ് പരിശോധിച്ചപ്പോഴും ഇത്തരത്തിൽ സമൂഹമധ്യത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബിസിനസുകളേയും വ്യക്തികളേയും കരിവാരിത്തേക്കാൻ ഇവരിതിന് മുൻപും ശ്രമിച്ചിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിൽ ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പാകും വിധം നിയമപരമായ നടപിടികളുമായി മുന്നോട്ട് പോകുമെന്നും തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ഉറപ്പുനൽകുന്നു.
ഫ്രഷ് ടു ഹോം സി. ഇ. ഓ. ഷാൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us