എങ്ങും വ്യാജ സന്ദേശങ്ങളുടെ പ്രളയം;ലഭിക്കുന്ന സന്ദേശങ്ങൾ സത്യമാണ് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പങ്കുവക്കുക;വ്യാജസന്ദേശങ്ങൾ തിരിച്ചറിയാൽ പ്രത്യേക വെബ് പേജുമായി കർണാടക പോലീസ്.

ബെംഗളൂരു: കോവിഡ്-19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാർത്തകൾ നിയന്ത്രിക്കാൻ വെബ്പേജ് ആരംഭിച്ച് കർണാടക പോലീസ്.

കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തിനെതിരേ വിദ്വേഷപരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ പ്രത്യേക വെബ്പേജ് പ്രവർത്തനം തുടങ്ങിയത്.

സാമൂഹികമാധ്യമങ്ങളിലൂടെ കോവിഡുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ലഭിച്ചാൽ factcheck.ksp.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സത്യാവസ്ഥ മനസ്സിലാക്കാം.

നിസാമുദ്ദീനിലെ മത ചടങ്ങിൽ പങ്കെടുത്തവർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നത് വ്യാപകമായതിനെത്തുടർന്നാണ് പോലീസ് നടപടി.

വ്യാപകമായി പ്രചരിക്കുന്ന സന്ദേശങ്ങളുടെ യഥാർഥവസ്തുതയാണ് വെബ്പേജിൽ ചേർത്തിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങൾ നിരീക്ഷിച്ച് അതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്പേജിൽ ചേർക്കാൻ പോലീസിന്റെ പ്രത്യേകസംഘമാണ് പ്രവർത്തിക്കുന്നത്.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പ്രവീൺസൂദ് അറിയിച്ചു.

വർഗീയപരാമർശങ്ങളുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത് സംസ്ഥാനത്തെ ഭക്ഷണവിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യമാണുള്ളത്.

കഴിഞ്ഞദിവസം ദാസറഹള്ളിയിൽ ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്ത സന്നദ്ധപ്രവർത്തകരെ ഒരുസംഘം കൈയേറ്റം ചെയ്തിരുന്നു.

വൈറസ് സാന്നിധ്യമുള്ള നോട്ടുകളും ഭക്ഷണവും വിതരണം ചെയ്യുന്നുവെന്നാണ് ഭൂരിഭാഗം സന്ദേശങ്ങളുടെയും ഉള്ളടക്കം.

വീടിനു പുറത്തിറങ്ങുന്ന പ്രത്യേക മതവിഭാഗത്തിൽ ഉൾപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതികളുണ്ട്.

അടിയന്താരവസ്ഥ പ്രഖ്യാപിക്കും മുഴുവൻ കടകൾ തുറക്കാനും അനുമതി നൽകി, പ്രതിരോധപ്രവർത്തനങ്ങൾക്കായി ഓരോവ്യക്തിക്കും നേരിട്ട് പണംനൽകുന്നു തുടങ്ങിയവയാണ് പ്രചരിക്കുന്ന മറ്റു വ്യാജസന്ദേശങ്ങൾ.

സന്ദേശം വിശ്വസിച്ച് ലോക്ഡൗൺനിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുന്നവരെ ഏറെ പണിപ്പെട്ടാണ് പോലീസ് നിയന്ത്രിക്കുന്നത്. വസ്തുതകൾ മനസ്സിലാക്കിയശേഷംമാത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾ പങ്കുവെക്കണമെന്നാണ് പോലീസിന്റെ അഭ്യർഥന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us