ബെംഗളൂരു: സീ എന്റർടെയ്ൻമെന്റിന്റെ പേരിൽ വ്യാജ ജോലി പരസ്യം; വിദ്യാർത്ഥിയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ!! നന്ദിനി ലേ ഔട്ടിൽ താമസിക്കുന്ന ബികോം വിദ്യാർത്ഥി ആനന്ദാണ് തട്ടിപ്പിനിരയായത്.
സീ എൻർടെയ്ൻമെന്റിന്റെ പേരിൽ നൽകിയ വ്യാജ പരസ്യത്തിനു താഴെ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ സ്ഥാപനത്തിലെ എച്ച് ആർ എന്ന് പരിചയപ്പെടുത്തിയ പ്രഥം എന്ന വ്യക്തി ആദ്യം ബയോഡാറ്റ അയക്കാൻ പറഞ്ഞു. അതിനു ശേഷം ജോലിയുടെ രീതികളെ കുറിച്ചും ശമ്പളത്തെ കുറിച്ചുമെല്ലാം സംസാരിച്ചു.
പിന്നീട് തന്റെ ബയോഡാറ്റ ഉൾപ്പെടെയുള്ള രേഖകൾ ഓഫീസിൽ സമർപ്പിക്കുന്നതിന്റെ ഭാഗമായി 800 രൂപ കൂടി അയക്കാൻ പറയുകയായിരുന്നുവെന്ന് ആനന്ദ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. സെക്യൂരിറ്റി ഡെപ്പോസിറ്റായി 7000 രൂപ കൂടി പ്രഥം ആവശ്യപ്പെട്ടിരുന്നു.
പരസ്യത്തിൽ നൽകിയ ബാക്ക് സ്ക്രീൻ മാനേജ്മെന്റ് തസ്തികയിൽ തന്നെ നിയമിച്ചതായും 91,000 രൂപ ഉടൻ കെട്ടിവക്കണമെന്നും രണ്ടു ദിവസത്തിനുള്ളിൽ പണം തിരിച്ചു തരുമെന്നറിയിക്കുകയും ചെയ്തു. ഒന്നിലേറെ ട്രാൻസാക്ഷനുകൾ വഴിയാണ് പണമയച്ചത്.
അടുത്ത ദിവസം വീണ്ടും പണമാവശ്യപ്പെട്ട് വിളിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് ആ നമ്പറിൽ തിരിച്ചു വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയതിനെ തുടർന്ന് സീ എന്റർടെയ്ൻമെന്റ് ഓഫീസുമായി നേരിട്ടു ബന്ധപ്പെടുകയായിരുന്നു.
അവർ അത്തരത്തിലുള്ള പരസ്യം നൽകിയില്ലെന്ന് അറിയിച്ചപ്പോഴാണ് തട്ടിപ്പിനിരയായതറിയുന്നതെന്നും ആനന്ദ് പറഞ്ഞു. സംഭവത്തിൽ അശോക് നഗർ പോലീസ് കേസെടുത്തിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.