ബെംഗളൂരു: ഹണി ട്രാപ്പില്‍ കുടുക്കി വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ എട്ടു പേരെ കര്‍ണാടക ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്തവരില്‍ രണ്ടു പേര് സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര കര്‍ണാടകയിലെ ഒരു എംഎല്‍എയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അറസ്റ്റു ചെയ്തവരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഇതുവരെ പുറത്തുവിട്ടിട്ടില്ല.യുവതീകളുമായി എം.എല്‍.എയുടെ ലൈംഗിക സംഭാഷണങ്ങള്‍ അടങ്ങിയ ടേപ് പുറത്തുവന്നിരുന്നു.
പ്രശസ്തരെ ലക്ഷ്യമിട്ട് കോടികള്‍ തട്ടാനായുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. നേരത്തേ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ പെണ്‍കെണി വലകളുടെ വ്യക്തമായ ചിത്രം പുറത്തുവന്നിരുന്നു.
മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി, മുന്‍ ഗവര്‍ണര്‍, 8 മന്ത്രിമാര്‍, ഒരു ഡസനോളം ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പണം തട്ടാന്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ബെംഗളൂരുവിലും സമാന രീതിയിലുള്ള ഓപറേഷനുകള്‍ നടക്കുന്നതായി കണ്ടെത്തല്‍.
ഒരു നേതാവിനെ വശീകരിച്ചു വരുതിയിലാക്കാന്‍ ഒരു യുവതിയെ നിയോഗിക്കും. തുടര്‍ന്ന് നേതാവ് കെണിയില്‍ വീണെന്ന് ഉറപ്പായ ശേഷം അയാളുടെ വിദേശ യാത്രകളിലും മറ്റും യുവതി പങ്കാളിയാകും. പിന്നീട് ഗസ്റ്റ് ഹൗസുകളിലേക്കും നക്ഷത്ര ഹോട്ടലുകളിലേക്കും ക്ഷണിക്കും.
അവിടെ സംഘത്തിലുള്ളവര്‍ രഹസ്യക്യാമറകള്‍ ഘടിപ്പിച്ചിരിക്കും. യുവതിയുമൊത്തുള്ള രഹസ്യനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം സംഘം ദൃശ്യങ്ങള്‍ നേതാവിന് അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. ലക്ഷങ്ങളും കോടികളുമാകും ആവശ്യപ്പെടുക. പണം നല്‍കിയില്ലെങ്കില്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും.
25 കോടി രൂപ ആവശ്യപ്പെട്ട് ഒരു യുവതി വിളിച്ചെന്ന രാഷ്ട്രീയ നേതാവിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നവംബര്‍ 26 നാണ് എട്ടംഗ സംഘം പൊലീസ് പിടിയിലാകുന്നത്. തുടര്‍ന്നു ലഭിച്ച ഫോണ്‍ സന്ദേശങ്ങള്‍ പിന്തുടര്ന്നാണ് പൊലീസ് അന്വഷണം നടത്തിയത്. ബെംഗളൂരുവിനു പുറത്തുള്ള രാഷ്ട്രീയക്കാരാണു സംഘത്തിന്റെ സ്ഥിരം ഇരകള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.