ഇല്ലായ്മയുടെ ദയനീയതയിൽ ജീവിക്കുന്നവർക്ക് ആശ്വാസമായി മലയാളികളുടെ “കമ്യൂണിറ്റി ഷോപ്പ്”

ബെംഗളൂരു: നഗരത്തിൽ ഇല്ലായ്മയുടെ ദയനീയതയിൽ ജീവിക്കുന്നവർക്ക് ആശ്വാസമായി ഓഫ് സർജുപുര റോഡിൽ മലയാളികളുടെ “കമ്യൂണിറ്റി ഷോപ്പ്”. വയനാട് സ്വദേശി അഡ്വ. ബൈജു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പുനർജനി ജീവകാരുണ്യ ട്രസ്റ്റാണ് ബെംഗളൂരുവിൽ കമ്യൂണിറ്റി ഷോപ്പ് ആരംഭിച്ചത്.

ഇവിടെയെത്തുന്നവർക്ക് അവശ്യസാധനങ്ങൾ സൗജന്യമായി വാങ്ങാം. ആധാർകാർഡ് വിവരങ്ങൾ നൽകിയാൽമതി. സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് അരിയടക്കമുള്ള ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ഷോപ്പിലെത്തിക്കാം. ഇതോടൊപ്പം ട്രസ്റ്റും സാധനങ്ങൾ ശേഖരിക്കും.

ആവശ്യക്കാർക്ക് ഇവ സൗജന്യമായി വാങ്ങാം. ഇവരുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിനായി ആധാർ വിവരങ്ങൾ ശേഖരിക്കും. ഒരു കുടുംബത്തിന് വാങ്ങാവുന്ന സാധനങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. തുടക്കത്തിൽ ഒരാൾക്ക് മാസം രണ്ടു കിലോ അരിയും രണ്ട് ജോടി വസ്ത്രങ്ങളുമാണ് നൽകുന്നത്.

എന്നാൽ ഭക്ഷണസാധനങ്ങൾക്ക് ചില ഇളവുകളും നൽകുന്നുണ്ട്. അരി, വസ്ത്രങ്ങൾ, ചെരിപ്പ്, പാത്രങ്ങൾ, കിടക്കവിരി, കുട്ടികളുടെ പഠനസാമഗ്രികൾ എന്നിവയെല്ലാം കടയിൽ ലഭിക്കും. ചേരിപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ട്രസ്റ്റ് സഹായങ്ങൾ എത്തിക്കാറുണ്ട്.

എന്നാൽ അവശ്യസാധനങ്ങളുമായി ചെല്ലുമ്പോഴുള്ള തിരക്കും എല്ലാവരിലും സഹായമെത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് കമ്യൂണിറ്റി ഷോപ്പ് ആരംഭിച്ചതെന്ന് മാനേജിങ് ട്രസ്റ്റിയായ അഡ്വ. ബൈജു സ്റ്റീഫൻ പറഞ്ഞു. പ്രളയബാധിതർക്കും പുനർജനി ട്രസ്റ്റ് സഹായമെത്തിച്ചിരുന്നു.

നഗരത്തിലെ വിവിധ മേഖലകളിൽനിന്നു നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം ലഭ്യമാക്കിയാൽ ഷോപ്പ് കൂടുതൽ സ്ഥലങ്ങളിൽ ആരംഭിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ ഉപയോഗമില്ലാത്ത സാധനങ്ങൾ കടയിൽ ഏൽപ്പിക്കാം.

എന്നാൽ, ഗുണനിലവാരം ഉറപ്പുവരുത്തിമാത്രമേ ഇവ ആവശ്യക്കാരിലെത്തിക്കൂ എന്നതാണ് പ്രത്യേകത. അഡ്വ. ബൈജു സ്റ്റീഫനും ഭാര്യ ഡോ. ഷെർമിജ ബി. സ്റ്റീഫനുംചേർന്നാണ് ട്രസ്റ്റിന്റെ മേൽനോട്ടം വഹിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us