യെദ്യൂരപ്പയുടെ വിവാദ വീഡിയോ; കർണാടകസർക്കാരിനെ പിരിച്ചുവിടണമെന്ന് കോൺഗ്രസ്

ബെംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ്. നിയമസഭാംഗങ്ങളുടെ രാജി ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ ആസൂത്രണഫലമാണെന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ വെളിപ്പെടുത്തലിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ജനാധിപത്യവിരുദ്ധനടപടിയിലൂടെ അധികാരത്തിലെത്തിയ ബി. ജെ.പി. സർക്കാരിനെ പിരിച്ചുവിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഹുബ്ബള്ളിയിൽ പാർട്ടിനേതാക്കളോട് സംസാരിക്കുന്ന യെദ്യൂരപ്പയുടെ വീഡിയോ പുറത്തായത് ബി.ജെ.പി.യെ കടുത്ത പ്രതിസന്ധിയിലാക്കി. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയ എം.എൽ.എ.മാരുടെ രാജിയിൽ പങ്കില്ലെന്ന ബി.ജെ.പി.യുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

രാജിവെച്ച എം.എൽ.എ.മാരെ അയോഗ്യരാക്കിയ നടപടിക്കെതിരേ നൽകിയ ഹർജിയിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഇതിനിടയിലാണ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

യെദ്യൂരപ്പയുടെ വെളിപ്പെടുത്തലടങ്ങിയ വീഡിയോ തിങ്കളാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും. വീഡിയോ തെളിവായി സുപ്രീംകോടതി സ്വീകരിച്ചാൽ വിമതർക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തും ദേശീയതലത്തിലും പ്രശ്നം ഉയർത്തിക്കൊണ്ടുവരാനാണ് കോൺഗ്രസ് തീരുമാനം. സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗവർണർ വാജുഭായ് വാലയ്ക്ക് നിവേദനം നൽകി.

ജനാധിപത്യവിരുദ്ധമായ മാർഗത്തിലൂടെ സർക്കാരിനെ വീഴ്ത്താൻ സഹായിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രപതിയോടും ആവശ്യപ്പെട്ടു. യെദ്യൂരപ്പയും അമിത് ഷായും ഭരണഘടനാവിരുദ്ധമായ നടപടിയാണ് സ്വീകരിച്ചതെന്നും ഇവർ ഭരണഘടനയെ നശിപ്പിക്കുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us