ഇൻഫോസിസ് നിക്ഷേപകർക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ റോസൻ ലോ നിയമ നടപടികളിലേക്ക്; ‘സെബി’ അന്വേഷണം ഊർജിതം!!

ബെംഗളൂരു: ഇൻഫോസിസ് സി.ഇ.ഒ. സലീൽ പരേഖും സി.എഫ്.ഒ. നീലാഞ്ജൻ റോയിയും അധാർമികപ്രവൃത്തികൾ നടത്തിയതായുള്ള ആരോപണത്തിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) അന്വേഷണം തുടങ്ങി. കമ്പനിയിൽ ഇൻസൈഡർ ട്രേഡിങ് നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കും.

അമേരിക്കയിൽ ഇൻഫോസിസ് നിക്ഷേപകർക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ റോസൻ ലോ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇൻഫോസിസിനെതിരേ നിയമനടപടികൾക്ക് തയ്യാറെടുക്കുകയാണ്.

കമ്പനിയുടെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികളെ ‘സെബി’ വിളിച്ചുവരുത്തിയേക്കും. കമ്പനിയിലെ ഓഡിറ്റിങ്ങും മറ്റു സാമ്പത്തികകാര്യങ്ങളും കൈകാര്യംചെയ്യുന്ന സമിതികളിൽനിന്ന് വിവരംശേഖരിക്കും. വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്താൻ കമ്പനിയെ പ്രേരിപ്പിക്കാതിരുന്നതിന്റെപേരിൽ സ്വതന്ത്ര ഡയറക്ടർമാർക്കെതിരേയും അന്വേഷണമുണ്ടാകുമെന്നാണ് സൂചന.

ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചും(ബി.എസ്.ഇ.) ‘ഇൻഫോസിസി’നോട് വിശദീകരണംതേടി. പരാതി കൃത്യമായി വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബർ 20 തീയതിവെച്ചുള്ള പരാതി ഒക്ടോബർ പത്തിന് ഓഡിറ്റ് സമിതിക്കുമുമ്പാകെ ചർച്ചയ്ക്കുവെച്ചതായാണ് ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനി ചൊവ്വാഴ്ച വിപണിയെ അറിയിച്ചത്. തീയതി ഇല്ലാത്ത മറ്റൊരു കത്തും സമിതിക്കുമുമ്പാകെ നൽകിയിരുന്നതായും ബോർഡിലെ ഒരംഗത്തിന് സെപ്റ്റംബർ 30-ന് പരാതി ലഭിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഒക്ടോബർ 11-ന് കമ്പനിയുടെ നോൺ എക്സിക്യുട്ടീവ് ബോർഡിനുമുമ്പാകെ ഇരുപരാതികളും സമർപ്പിച്ചു. അന്നാണ് കമ്പനി സാമ്പത്തികവർഷത്തെ രണ്ടാം ത്രൈമാസത്തെ ഫലം പുറത്തുവിട്ടത്. എന്നാൽ, പരാതി ലഭിച്ചെന്നുള്ള ചെയർമാന്റെ പ്രസ്താവനമാത്രമാണ് ഒക്ടോബർ 22-ന് കമ്പനി ബി.എസ്.ഇ.യിൽ സമർപ്പിച്ചത്. 2015-ലെ ‘സെബി’ ചട്ടങ്ങളനുസരിച്ച് പരാതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യം വിശദമാക്കാനാണ് ബി.എസ്.ഇ. ആവശ്യപ്പെട്ടിരിക്കുന്നത്.

2017-ൽ ഇൻഫോസിസ് സ്ഥാപകരും മുൻ മാനേജ്‌മെന്റും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് സി.ഇ.ഒ. വിശാൽ സിക്കയും ചില ബോർഡ് അംഗങ്ങളും രാജിവെച്ചിരുന്നു. ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനിയെ ചെയർമാനായി നിയമിക്കുകയുംചെയ്തു. 2018 ജനുവരിയിലാണ് സലീൽ പരേഖ് കമ്പനിയുടെ സി.ഇ.ഒ.സ്ഥാനത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us