കനത്ത മഴയിൽ പൊലിഞ്ഞത് 12 ജീവനുകൾ, 5400 വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

ബെംഗളൂരു: സംസ്ഥാനത്ത് മൂന്നു ദിവസത്തിനിടെ മഴക്കെടുതിയിൽ 12 മരണമാണ് വിവിധ ജില്ലകളിലുണ്ടായത്. ഔദ്യോഗിക കണക്കനുസരിച്ച് 5400ൽ അധികം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു.

ബെലഗാവി, ബാഗൽകോട്ട്, ചിക്കമംഗളൂരു, കുടക്, ഹവേരി, ചിത്രദുർഗ, ഗദക്, ധാർവാഡ് തുടങ്ങിയ ജില്ലകളിലായി 12 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടുവരെ 2176 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

അതേസമയം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടു യൂനിറ്റുകൾ ബെലാഗവിയിലേക്കും ഒരു യൂണിറ്റ് ഗദകിലേക്കും തിരിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ രണ്ടു യൂണിറ്റുകൾ നിലവിൽ ബെലാഗവിയിലുണ്ട്.

പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും സംഘങ്ങളും വിവിധ പ്രദേശങ്ങളിലായി ക്യാമ്പ് ചെയ്യുന്നു. അടിയന്തരസാഹചര്യങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞതായി ജില്ലാ ഭരണകൂടവും അറിയിച്ചു.

ഭക്ഷ്യധാന്യങ്ങളും മറ്റു അവശ്യസാധനങ്ങളും വിവിധയിടങ്ങളിലായി സംഭരിച്ചു. കഴിഞ്ഞ പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായ ജില്ലകളാണ് ബെലഗാവിയും ഗദകും. കൃഷ്ണ നദിയിൽ ജലനിരപ്പുയർന്നത് ഗദകിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

കാവേരി നദിയിലെ വിവിധ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. മുൻകരുതലെന്ന നിലയിൽ വെള്ളം തുറന്നുവിടുന്നതിന്റെ അളവ് കൂട്ടി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കനത്തമഴയിൽ റോഡുകളും പാലങ്ങളും വ്യാപകമായി നശിച്ചു.

മൈസൂരു ചാമുണ്ഡിഹിൽസ് റോഡിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡുകൾ തകർന്നതിനെത്തുടർന്ന് വടക്കൻ ജില്ലകളിലെ ഒട്ടേറെ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സർവീസ് താത്‌കാലികമായി നിർത്തിവെച്ചു.

നിരവധി പ്രദേശങ്ങളിൽ റോഡിൽ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ചൊവ്വാഴ്ചയും അടഞ്ഞുകിടന്നു.

ബെംഗളൂരുവിൽ ചൊവ്വാഴ്ച മഴയ്ക്ക് നേരിയ ശമനം അനുഭവപ്പെട്ടു. വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴപെയ്തെങ്കിലും ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us