മെട്രോ നഗരങ്ങളിലെ കൊലകളിലും കവർച്ചകളിലും ബെംഗളൂരു രണ്ടാമത്!!

ബെംഗളൂരു: മെട്രോ നഗരങ്ങളിലെ കൊലകളിലും കവർച്ചകളിലും ബെംഗളൂരു രണ്ടാമത്!! ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2017-ലെ കണക്കനുസരിച്ച് കൊലപാതകങ്ങളും കവർച്ചയുമടക്കമുള്ള കുറ്റകൃത്യങ്ങൾ ബെംഗളൂരുവിൽ വർധിച്ചുവരുന്നതായി റിപ്പോർട്ട്.

രാജ്യത്തെ മെട്രോ നഗരങ്ങളുടെ കൂട്ടത്തിൽ ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഡൽഹിക്കുപിന്നിൽ രണ്ടാമതാണ് ബെംഗളൂരുവിന്റെ സ്ഥാനം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ ഡൽഹിക്കും മുംബൈയ്ക്കും പിന്നാലെ ബെംഗളൂരുവാണ് മൂന്നാം സ്ഥാനത്ത്.

മുൻവർഷങ്ങളെക്കാൾ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017-ൽ നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 235 കൊലക്കേസുകളാണ്. കൊലക്കേസുകളിൽ മുമ്പിലുള്ള ഡൽഹിയിൽ 400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള മുംബൈയിൽ 183 കേസുകളും രജിസ്റ്റർചെയ്തു.

ചെറുതും വലുതുമായി 10,804 കവർച്ചക്കേസുകളും ബെംഗളൂരുവിലുണ്ടായി. 1,61,818 ആണ് ഒന്നാംസ്ഥാനത്തുള്ള ഡൽഹിയിൽ രജിസ്റ്റർചെയ്യപ്പെട്ട കവർച്ചക്കേസുകളുടെ എണ്ണം. 3565 കേസുകളാണ് സ്ത്രീകൾക്കെതിരേയുള്ള അക്രമത്തിന് ബെംഗളൂരു നഗരത്തിൽ രജിസ്റ്റർചെയ്തത്. കുട്ടികൾക്കെതിരേയുള്ള അക്രമങ്ങളിൽ 1582 കേസുകളും രജിസ്റ്റർചെയ്തു.

2017-18 വർഷത്തിൽ നഗരത്തിലെ കവർച്ചക്കാരെ പിടികൂടാൻ പോലീസിന്റെ പ്രത്യേകസംഘങ്ങൾ മാസങ്ങളോളം നഗരത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. മാലമോഷണമാണ് അന്ന് ക്രമാതീതമായി വർധിച്ചിരുന്നത്. ഉത്തരേന്ത്യയിൽ വേരുകളുള്ള സംഘങ്ങളാണ് നഗരത്തിലെ കവർച്ചകൾക്കുപിന്നിലെന്ന് അന്നു പോലീസ് കണ്ടെത്തിയിരുന്നു.

എന്നാൽ, പോലീസ് സംഘങ്ങളുടെ പ്രവർത്തനം നിർജീവമായതോടെ ഇത്തരം സംഘങ്ങൾ വീണ്ടും സജീവമായി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ തടയാൻ പ്രത്യേക ആപ്പുകളും ടോൾഫ്രീ നമ്പറുകളും പോലീസ് ഒരുക്കിയിരുന്നു. എന്നാൽ, കാര്യമായ ഗുണമുണ്ടായില്ല. അതേസമയം, ആവശ്യത്തിന് പോലീസുകാരില്ലാത്തത് കേസന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

സൈബർ കുറ്റകൃത്യങ്ങളും നഗരത്തിൽ വൻതോതിൽ വർധിച്ചുവരുകയാണ്. കുറ്റവാളികളെ പിടികൂടാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ബെംഗളൂരു പോലീസിന്റെ വാദം. മുമ്പ് കുറ്റകൃത്യങ്ങളിലേർപ്പെട്ടവരും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us