ബെംഗളൂരു: സോഫ്റ്റ് ലാൻഡിംഗിനൊരുങ്ങി ചന്ദ്രയാൻ-2. ലൂണാർ സോഫ്റ്റ് ലാൻഡിംഗ് എന്ന ചരിത്ര നേട്ടത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണുള്ളത്.
ഇന്ത്യൻ ജനതയും ലോകവും വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
46 ദിവസം മുമ്പാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ രണ്ട് വിക്ഷേപിക്കപ്പെട്ടത്. ഒന്നരമാസത്തെ യാത്രക്കൊടുവിൽ ചരിത്രം കുറിക്കുന്നതിന് തൊട്ടരികിലെത്തിയിരിക്കുകയാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം. ഇത് വരെയുള്ള കണക്കുകൂട്ടലുകളെല്ലാം കൃത്യമാണ്.
പക്ഷേ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള 38 ശ്രമങ്ങൾ ഇതുവരെ നടന്നിട്ടുണ്ട്. പക്ഷേ വിജയിച്ചത് 52 ശതമാനം ദൗത്യങ്ങൾ മാത്രം. ശ്രമിച്ച് പരാജയപ്പെട്ടവരിൽ അവസാനത്തേത്ത് ഇസ്രയേലിന്റെ ബെർഷീറ്റ് ലാൻഡറാണ്.
കഴിഞ്ഞ ഏപ്രിൽ 11നാണ് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ബെർഷീറ്റിന്റെ ശ്രമം പരാജയപ്പെട്ടത്. എന്നാൽ ഈ പരാജയങ്ങളിൽ നിന്നെല്ലാം പാഠമുൾക്കൊണ്ടാണ് ഇസ്റോ വിക്രമിനെ ഇറക്കാൻ തയ്യാറെടുത്തിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാർത്ഥികളും വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് കാണുവാനായി ബെംഗളൂരുവിലെത്തിയിട്ടുണ്ട്.
എല്ലാം പദ്ധതിയിട്ടത് പോലെ നടന്നാൽ നാളെ പുലർച്ചെ 1.30നും 2.30നും ഇടയിൽ വിക്രം ചന്ദ്രനെ തൊടും. ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്തെ മാൻസിനസ് സി, സിംപെലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലെ സമതലത്തിലാണ് വിക്രമിനെ ഇറക്കാൻ ഇസ്റോ പദ്ധതിയിട്ടിട്ടുള്ളത്. നാസയുടെ ലൂണാർ റിക്കോണിസൻസ് ഓർബിറ്ററിന്റെ സഹായത്തോടെയാണ് ഈ ലാൻഡിംഗ് സൈറ്റ് കണ്ടെത്തിയത്.
ജപ്പാന്റെ സെലീൻ ദൗത്യത്തിൽ നിന്ന് ലഭിച്ച വിവരങ്ങളും ഇതിനായി ഉപയോഗിച്ചു. ഐഎസ്ആർഒ ചെയർമാൻ ഡോ കെ ശിവന്റെ തന്നെ ഭാഷയിൽ തന്നെ പറഞ്ഞാൽ 15 മിനുട്സ് ഓഫ് ടെറർ ആണ് വിക്രമിന്റെ മുന്നിലുള്ളത്.
വിക്രം ലാൻഡർ ഭ്രമണം പഥം വിട്ട് ചന്ദ്രോപരിതലത്തിൽ തൊടുന്നത് വരെയുള്ള ഈ പതിനഞ്ച് മിനുട്ടുകളിൽ പിഴവുകൾക്ക് സ്ഥാനമില്ല. കണക്കു കൂട്ടലുകൾ അണുവിട പിഴച്ചാൽ ദൗത്യം പരാജയപ്പെടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.