കൊടുത്ത വാക്കിൽ നിന്ന് സ്പീക്കർ പിൻമാറി;വിശ്വാസവേട്ടെടുപ്പ് നാളേക്ക് മാറ്റി.

ബെംഗളൂരു: എന്ത് സംഭവിച്ചാലും ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തും എന്ന വാക്കിൽ നിന്ന് നിയമസഭാ സ്പീക്കർ രമേഷ് കുമാർ പിൻമാറി.

നാളെ രാത്രി 6 മണിക്കുള്ളിൽ വോട്ടെടുപ്പ് നടത്തും എന്നറിയിച്ച് രാത്രി 11:45 ഒടെ ഇന്നത്തേക്ക് സഭ പിരിയുകയായിരുന്നു.

അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തു. വേണമെങ്കിൽ നടപടികൾക്കായി താൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കർ പറഞ്ഞു. അസാധാരണ നടപടികളിലേക്കാണ് കർണാടക നിയമസഭ കടക്കുന്നത്.

അതേസമയം, വിമത എംഎൽഎമാർക്ക് അടക്കമുള്ള വിപ്പിന്‍റെ കാര്യത്തിൽ അവ്യക്തത ഉള്ളതിനാൽ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്. ഇങ്ങനെ നീട്ടിക്കൊണ്ടുപോയി തന്നെ ബലിയാടാക്കരുതെന്ന് പല തവണ സ്പീക്കർ കെ ആർ രമേശ് കുമാർ സഭയിൽ അപേക്ഷിച്ചു.

ഇതിനിടെ താൻ രാജി വച്ചെന്ന തരത്തിലുള്ള വ്യാജക്കത്തുകൾ പ്രചരിക്കുകയാണെന്നും, എന്നാൽ ഇത് തെറ്റാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി സഭയിൽ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് വേണ്ട സാഹചര്യം നേരത്തേയുണ്ടായിരുന്നു. എന്നാലിപ്പോഴതില്ല. കാര്യങ്ങൾ മാറിയെന്നും സഭയിൽ കുമാരസ്വാമി പറഞ്ഞു.

ഇതിനിടെ പല തവണ സഭയിൽ ബഹളമായി. സഭ താൽക്കാലികമായി നിർത്തി വച്ചപ്പോൾ സ്പീക്കറെ മുഖ്യമന്ത്രി കുമാരസ്വാമിയും കോൺഗ്രസ് സിദ്ധരാമയ്യയും കണ്ടു. തന്നെ ഇങ്ങനെ ബലിയാടാക്കുന്നതിൽ കടുത്ത അതൃപ്തിയുമായി ഇരു നേതാക്കളോടും സ്പീക്കർ ക്ഷുഭിതനായെന്നാണ് സൂചന. ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കിൽ താൻ ‘രാജി വയ്ക്കു’മെന്ന് സ്പീക്കർ ചർച്ചയിൽ മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് സൂചന. ഒടുവിൽ സിദ്ധരാമയ്യ ഇടപെട്ടാണ് സ്പീക്കർ കെ ആർ രമേശ് കുമാറിനെ ആശ്വസിപ്പിച്ചതെന്നും റിപ്പോർട്ടുകൾ വന്നു.

എന്തിനാണ് ഇങ്ങനെ വോട്ടെടുപ്പ് നീട്ടി നീട്ടിക്കൊണ്ടുപോകുന്നതെന്ന് ബിജെപി സഭയിൽ പല തവണ ചോദിച്ചു. തനിക്ക് ഇതിലൊരു ഉത്തരവാദിത്തവുമില്ലെന്ന് സ്പീക്കറുടെ മറുപടി. രാവിലെ 11 മണിക്ക് തുടങ്ങിയ സഭ 12 മണിക്കൂറോളമാകുമ്പോഴും ആകെ സംസാരിച്ചത് ആറോളം പേർ മാത്രം. ഉച്ചയ്ക്ക് മണിക്കൂറുകളോളം ഒരു എംഎൽഎ മാത്രമാണ് സംസാരിച്ചത്.

രാവിലെ മുതൽ വിശ്വാസവോട്ടെടുപ്പ് നടത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ സ്പീക്കർ ഒടുവിൽ തന്നെ ഇങ്ങനെ ബലിയാടാക്കരുതെന്ന് സഭയിൽ കേണപേക്ഷിച്ചു. ഇങ്ങനെയൊരു ഗതികേട് ഇന്ത്യയിൽ മറ്റൊരു സ്പീക്കർക്കുമുണ്ടായിട്ടില്ലെന്ന് കെ ആർ രമേശ് കുമാർ പറഞ്ഞു. അപ്പോഴും, ചർച്ചകളെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രം വിശ്വാസവോട്ടെടുപ്പ് നടത്തിയാൽ മതിയെന്ന് മുതിർന്ന കോൺഗ്രസ് എംഎൽഎ ഡി കെ ശിവകുമാർ ഉറപ്പിച്ചു പറഞ്ഞു. സർക്കാരിന് ഒരു തിടുക്കവുമില്ല, പതുക്കെ ചർച്ച നടക്കട്ടെ. എല്ലാവരും പറയാനുള്ളത് പറയട്ടെ.

ഇതിനിടെ സ്പീക്കർ വിമത എംഎൽഎമാരെ അയോഗ്യരാക്കുമെന്ന പരോക്ഷ മുന്നറിയിപ്പുമായി, എല്ലാവരോടും തന്നെ വന്ന് കാണാൻ നോട്ടീസയച്ചു. അയോഗ്യത സംബന്ധിച്ച് കോൺഗ്രസ് നൽകിയ നോട്ടീസിൽ വിശദീകരണം നൽകാൻ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വന്ന് കാണണമെന്നാണ് നോട്ടീസ്. എന്നാൽ 15 ദിവസമെങ്കിലും സമയം നൽകണമെന്ന് ചില വിമതർ തിരികെ സ്പീക്കറോട് അപേക്ഷിച്ചു. എന്നാൽ ചൊവ്വാഴ്ച തന്നെ വന്ന് കണ്ടേ തീരൂവെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നത്. ഇല്ലെങ്കിൽ എംഎൽഎമാർ അയോഗ്യരാകും. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് വിപ്പ് ലംഘിച്ചെന്ന് സ്പീക്കർ കണ്ടെത്തി അയോഗ്യരാക്കിയാൽ അത് മിക്ക വിമത എംഎൽഎമാരുടെയും രാഷ്ട്രീയ ഭാവിയുടെ അന്ത്യമാകും. അടുത്ത ആറ് വർഷത്തേക്ക് മത്സരിക്കാനാകില്ല.

അധികാരത്തിൽ നിന്ന് താഴെപ്പോയാൽ വിമതരെ അയോഗ്യരാക്കിയിട്ടേ പോകൂ എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ദൾ – കോൺഗ്രസ് നേതൃത്വങ്ങൾ. ഇതിനിടെ, വിമത എംഎൽഎമാരുടെ ഹർ‍ജി സുപ്രീംകോടതിയിൽ പരാമർശിക്കപ്പെട്ടെങ്കിലും അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാൽ ചൊവ്വാഴ്ച ഈ ഹർജി പരിഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. പരിഗണനാപ്പട്ടികയിൽ ആറാമതായാണ് ചൊവ്വാഴ്ച സുപ്രീംകോടതി ഈ ഹർജി ഉൾപ്പെടുത്തിയിരിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us