രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതി. കേസിൽ ഒരാളെ വെറുതെ വിട്ടു.

ന്യൂഡല്‍ഹി:രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാൽസംഗക്കേസിൽ ഏഴിൽ ആറ് പേർ കുറ്റക്കാരാണെന്ന് പഠാൻ കോട്ട് പ്രത്യേക കോടതി. കേസിൽ ഒരാളെ വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ഇന്ന് തന്നെ വിധിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിധി പ്രസ്താവം പ്രതീക്ഷിക്കുന്നുണ്ട്.

കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ചി റാമും, കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, പർവേഷ് കുമാർ അഥവാ മന്നു, എന്നീ പ്രതികളും മൂന്ന് പൊലീസുദ്യോഗസ്ഥരും കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.

സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. ഇയാളും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സബ് ഇൻസ്പെക്ടർ സുരേന്ദർ വെർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നീ പൊലീസുദ്യോഗസ്ഥർക്കെതിരെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നതാണ് കേസ്.

അതേസമയം, സാഞ്ചിറാമിന്‍റെ മരുമകൻ വിശാലിനെ കോടതി വെറുതെ വിട്ടു. കുട്ടിയെ ബലാത്സംഗം ചെയ്യാൻ പ്രതികൾ ഇയാളെ മീററ്റിൽ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

മുഖ്യപ്രതി സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ് .അതിനാൽ വിധിപ്രസ്താവം പിന്നീട് മാത്രമേ ഉണ്ടാകു. പഠാൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്‍വീന്ദർ സിംഗാണ് കേസിൽ വിധി പറയുന്നത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

 

ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാൽസംഗം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ അടങ്ങുന്ന ബകർവാൾ നാടോടി വിഭാഗത്തെ ഗ്രാമത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനാണ് പെൺകുട്ടിയെ ദിവസങ്ങളോളം തടവിൽ വെച്ച് പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

എട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകള്‍ നല്‍കുകയും പെൺകുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. എട്ട് പ്രതികളെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

60 വയസുകാരനായ സഞ്ജി റാം, സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയയും സുരെന്ദർ വെർമയും, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, പർവേഷ് കുമാർ, സഞ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ എന്നിവരാണ് കുറ്റാരോപിതർ.

എട്ട് വയസുകാരിയായ പെണ്‍കുട്ടി ഏറെനേരം ക്രൂരമായ പീഡനത്തിന് ഇരയായിട്ടും എന്തുകൊണ്ട് കരയുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്തില്ലെന്ന് പ്രതിഭാഗം കോടതിയില്‍ ചോദിച്ചിരുന്നു. ഇവര്‍ക്ക് വേണ്ടി വാദിക്കുന്ന നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളിലും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു.

കേസ് അന്വേഷിക്കുന്ന ജമ്മു കശ്മീര്‍ പൊലീസ് ക്രൈം ബ്രാഞ്ച്, പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിൽ കുട്ടിക്ക് കഞ്ചാവും ക്ലോനസെപാം വിഭാഗത്തില്‍ പെടുന്ന 0.5 മില്ലി ഗ്രാം ഗുളികകളും നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

വലിയ അളവിൽ ഈ ഗുളികകളും മയക്ക് മരുന്നും നൽകിയത് ഭക്ഷണം കഴിക്കാതിരുന്ന എട്ട് വയസുകാരിയുടെ ശരീരത്തെ കോമ സ്റ്റേജിലേക്കെത്തിച്ചിരുന്നെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

കുറ്റപത്രപ്രകാരം തട്ടിക്കൊണ്ട് പോയ ശേഷം പെൺകുട്ടിയെ ഒരു പ്രാർത്ഥനാലയത്തിൽ വെച്ച് ക്രൂരമായി കൂട്ടബലാൽസംഗം ചെയ്ത് ഏഴ് ദിവസത്തോളം ബന്ദിയാക്കി പീഡിപ്പിച്ചെന്നാണ് കേസ്.

ഒരു കുറ്റവാളിയെ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി മീററ്റിൽ നിന്ന് വിളിച്ച് വരുത്തുകയായിരുന്നെന്നും പറയുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മരണമുറപ്പിക്കാൻ കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയും ചെയ്തിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us