ബെംഗളൂരു :മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്സെ രാജ്യസ്നേഹിയെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡെ. ഗാന്ധി വധം ന്യായീകരിക്കാനാകില്ല. തന്റെ ട്വിറ്റർ അക്കൗണ്ട് ഇന്നലെ മുതൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആനന്ത് കുമാര്‍ ഹെഗ്ഡെ പറഞ്ഞു. ഗോഡെസെ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന ട്വീറ്റ് ബിജെപി എം പി നളിൻ കുമാർ കട്ടീലും തന്‍റെ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു.
ഗോഡ്സെ രാജ്യ സ്നേഹിയയായിരുന്നു, രാജ്യസ്നേഹിയാണ്, രാജ്യസ്നേഹിയായിരിക്കും എന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു ആനന്ത് കുമാര്‍ ഹെഗ്ഡെയുടെ ട്വീറ്റ്. ഇപ്പോൾ ഗോഡ്‌സെയെ കുറിച്ച് ചർച്ച ഉയരുന്നതിൽ സന്തോഷമുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.
My account was hacked since yesterday. There is no question of justifying Gandhi ji’s murder. There can be no sympathy or justification of Gandhi ji’s murder. We all have full respect for Gandhi ji’s contribution to the nation.
— Chowkidar Anantkumar Hegde (@AnantkumarH) May 17, 2019
അതേസമയം ഒരാളെ കൊന്ന ഗോഡ്‌സെ ആണോ 17000 പേരെ കൊന്ന രാജീവ് ഗാന്ധി ആണോ കൂടുതൽ ക്രൂരനെന്നു പരിശോധിക്കണം എന്നായിരുന്നു നളിന്‍ കുമാര്‍ കട്ടീലിന്‍റെ പ്രതികരണം. ഏഴ് പതിറ്റാണ്ടിനു ശേഷം ഇന്നത്തെ തലമുറ ഗോഡ്സെയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അദ്ദേഹം സന്തോഷിക്കുന്നുണ്ടാകുമെന്നും നളിന്‍ കുമാര്‍ പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്സെ ആണെന്ന കമലഹാസന്‍റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രഗ്യാ സിംഗിന്‍റെ വിവാദ പരാമര്‍ശം. ഗോഡ്സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.