കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവുവിന്‍റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
യാത്രാ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അത് യാത്രക്കാർക്ക് പ്രയാസമാകുമെന്ന് കണ്ട് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് താമരശേരി ചുരം റോഡ് തകർന്ന് ദേശീയപാതയിലെ ഗതാഗതം മാസങ്ങൾ തടസ്സപ്പെട്ടിരുന്നു. ചിപ്പിലത്തോട് ബസ് ഇറങ്ങി നടന്ന് മറ്റൊരു ബസിൽ കയറിയായിരുന്നു അന്നത്തെ യാത്ര.
പിന്നീട് അറ്റകുറ്റപണികൾ നടത്തിയാണ് യാത്ര പഴയരീതിയിൽ പുനഃസ്ഥാപിച്ചത്. മഴക്കാലമാകുന്നതിന് മുമ്പ് അറ്റകുറ്റപണികൾ നടത്താനായാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യോഗത്തില്‍ കോഴിക്കോട് ആര്‍ടിഒ എ കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ് ഐ യു രാജന്‍, എന്‍ എച്ച് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയരാജ് എന്നിവര്‍ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.