ഡല്‍ഹി :50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന പ്രതിപക്ഷപാർട്ടികളുടെ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നടന്ന പോളിംഗിൽ വോട്ടിംഗ് യന്ത്രങ്ങളിൽ വന്ന തകരാറുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. 21 പാർട്ടികളാണ് 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ഇത്തവണ പ്രതിപക്ഷപാർട്ടികളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നെങ്കിൽ വോട്ടെണ്ണൽ പ്രക്രിയ ഒരു ദിവസം വരെ നീളുമായിരുന്നു. ഇത്തവണ വോട്ടെണ്ണൽ സാധാരണ പോലെത്തന്നെ നടക്കുമെന്നുറപ്പായി. ഏറ്റവുമൊടുവിൽ വന്ന സുപ്രീംകോടതി വിധി പ്രകാരം ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് രസീതുകൾ എണ്ണിത്തന്നെയാകും ഇത്തവണ വോട്ടെണ്ണൽ നടക്കുക.
നേരത്തേ സമാനമായ ഹർജി സുപ്രീംകോടതിയ്ക്ക് മുമ്പാകെ വന്നപ്പോൾ, വിവി പാറ്റ് രസീതുകൾ എണ്ണാൻ വലിയ സമയം വേണ്ടിവരുമെന്നും ഫലപ്രഖ്യാപനം ദിവസങ്ങൾ നീളുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് മെഷീനുകൾ എടുത്ത് അതിലെ രസീതുകൾ എണ്ണി കൃത്യത പരിശോധിച്ചാൽ മതിയെന്ന് സുപ്രീംകോടതി വിധിച്ചത്.
എന്നാൽ കേരളത്തിൽ കോൺഗ്രസിന് കുത്തിയ വോട്ടുകൾ ബിജെപിക്ക് വീണതായി പരാതി ഉയർന്നെന്നും, സമാനമായ പരാതികൾ ഉത്തർപ്രദേശിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും പുനഃപരിശോധനാ ഹർജിയിൽ പ്രതിപക്ഷം വാദിച്ചിരുന്നു. വിധി വന്നതിന് ശേഷം ദില്ലിയിൽ ഈ വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കണമെന്ന് ആ യോഗത്തിലും ധാരണയായിരുന്നതാണ്. ഏപ്രിൽ 23 – ന് നടന്ന, രാജ്യത്തെ ഏറ്റവും വലിയ ഘട്ടം പോളിംഗിലും സമാനമായ പരാതികൾ ഉയർന്നതോടെയാണ് പ്രതിപക്ഷ പാർട്ടികൾ നീക്കം വേഗത്തിലാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.