യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ്, അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമായ ബാനസവാടിയിലേക്ക് മാറ്റിയതും അവിടെനിന്നും സമയനിഷ്ടയില്ലാതെ നാലും അഞ്ചും മണിക്കൂര്‍ വൈകി പുറപ്പെടുന്നതും യാത്രക്കാര്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കുറച്ചൊന്നുമല്ല. മലയാളികളുടെ കേന്ദ്രമായ യശ്വന്തപുരത്തുനിന്നും സേലം വഴി വടക്കേ മലബാറിലേക്ക് പോകുന്ന ഒരേയൊരു ട്രെയിനായ കണ്ണൂര്‍ എക്‌സ്പ്രസ് വൃദ്ധരും കുട്ടികളും അടങ്ങുന്ന അനേകം യാത്രക്കാരുടെ ആശ്രയമായിരുന്നു. യാത്രക്കാരെ ദുരിതത്തിലാക്കിയ അധികൃതരുടെ നടപടി ക്രൂരവും ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്തതുമാണ്.
യാത്രക്കാരുടെ പരിദേവനങ്ങള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല. കെകെടിഎഫ്, കേരളസമാജം, ദീപ്തി തുടങ്ങിയ സംഘടനകള്‍ റെയില്‍വേ അധികൃതരെ കാണുകയും നിവേദനങ്ങള്‍ നല്‍കുകയും പ്രതിഷേധം സംഘടിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നെങ്കിലും ഏതോ അജ്ഞാതകാരണത്താല്‍, തീരുമാനം പുനഃപരിശോധിക്കാന്‍ ബെംഗളുരുവിലെ ഡിആര്‍എം അടക്കമുളള അധികൃതര്‍ തയാറായില്ല.
കേന്ദ്രമന്ത്രി സദാനന്ദഗൗഡ, ലോകസഭാംഗം ശോഭ കരന്തലജെ തുടങ്ങിയവര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.
യാത്രക്കാരുടെ ദുരിതം വര്‍ദ്ധിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍, വലിയ അവകാശ വാദങ്ങളോ പബ്ലിസിറ്റിയോ കൂടാതെ ആര്‍എസി (റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍) എന്നൊരു കൂട്ടായ്മ രൂപീകൃതമായി. പൊതുപ്രവര്‍ത്തകനും പിഷാരടി സമാജം പ്രസിഡന്റുമായ ദിനേശ് പിഷാരടി, ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍, ജനറല്‍ സെക്രട്ടറി കെ.സന്തോഷ് കുമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകരായ ഹരിനായര്‍, റിനീഷ് പൊതുവാള്‍, പാലക്കാട് ഫോറം ഭാരവാഹി പി.കൃഷ്ണകുമാര്‍, ദീപ്തി കമ്മിറ്റി അംഗങ്ങളായ ജി.ഹരികുമാര്‍, പി.വി.സലീഷ്, സാമൂഹ്യ പ്രവര്‍ത്തകരായ ബിജു.എം.പി, തോമസ് തുടങ്ങിയവരാണ് കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്.
മുമ്പ് റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്തിരുന്ന, യശ്വന്തപുര ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്തിലെ ലോകസഭാംഗവും നിലവില്‍ കേന്ദ്ര സ്റ്റാറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രിയുമായ സദാനന്ദ ഗൗഡയെ ആര്‍എസി പ്രതിനിധികള്‍ നേരില്‍ കണ്ട് നിവേദനം നല്‍കി. അദ്ദേഹം ആ നിവേദനം റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ഫോര്‍വേഡ് ചെയ്‌തെങ്കിലും ഒരാഴ്ച കടന്നുപോയിട്ടും നടപടികളൊന്നുമുണ്ടായില്ല. ആ നിവേദനവും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നു. മേല്‍സാഹചര്യത്തില്‍ ആര്‍എസി പ്രതിനിധികള്‍ വീണ്ടും സദാനന്ദ ഗൗഡയെ പോയിക്കണ്ട് യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ശ്രദ്ധയില്‍പെടുത്തി.
നിവേദനങ്ങളും പത്രക്കട്ടിങ്ങുകളും നല്‍കുകയും ചെയ്തു. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിനെയും ആര്‍എസി പ്രതിനിധികള്‍ കണ്ടു സംസാരിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. മന്ത്രി സദാനന്ദ ഗൗഡ ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനെ നേരില്‍ കണ്ട് പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തി. കൃഷ്ണദാസിന്റെ നിവേദനവും അതിനിടയില്‍ മന്ത്രിയ്ക്ക് ലഭിച്ചിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ട പീയുഷ് ഗോയല്‍ അന്വേഷിച്ചപ്പോള്‍, പത്തുവര്‍ഷമായി യശ്വന്തപുരത്തുനിന്ന് പുറപ്പെട്ടിരുന്ന കണ്ണൂര്‍ എക്‌സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയത് ചില ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ നടപടിയാണെന്ന് തെളിഞ്ഞു. കണ്ണൂര്‍ എക്‌സ്പ്രസ് ഉടനടി യശ്വന്തപുരത്തേക്ക് മാറ്റാന്‍ മന്ത്രി റെയില്‍വേ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.
ഫയല്‍ രണ്ടു ദിവസത്തിനകം സൗത്ത് വെസ്‌റ്റേണ്‍ റയില്‍വെയുടെ ആസ്ഥാനമായ ഹുബ്ലിയിലെത്തി. അവിടെനിന്നും ഫീസിബിലിറ്റി റിപ്പോര്‍ട്ടിനായി ബെംഗളൂരുവിലെ ഡിആര്‍ എം ഓഫീസിലേക്കയച്ചു. ഡിആര്‍എം സത്വര നടപടികള്‍ക്കായി ഫയല്‍ ഓപ്പറേഷന്‍ വിഭാഗത്തിന് കൈമാറുന്നു. അവിടെനിന്നും വിവിധ വിഭാഗങ്ങളിലേക്കുള്ള യാത്രയില്‍ ഫയല്‍ ചിലേടത്തു ചുവപ്പുനാടയിലും മറ്റു ചിലേടത്തു നാടയിലല്ലാതെയും കുടുങ്ങിക്കിടന്നു.
ഒരു ഡിപ്പാര്‍ട്ട്‌മെന്റ് ചില ചോദ്യങ്ങള്‍ ഉന്നയിച്ച് ഫയല്‍ മടക്കി. എന്നാല്‍ ആര്‍എസി പിറകെയെത്തി ആ കുരുക്കുകളഴിച്ച് ഫയല്‍ നീക്കി. ഈ ഫയല്‍ നീങ്ങാതിരിക്കാനും നീങ്ങിയാല്‍ തന്നെ തീരുമാനം അനുകൂലമാകാതിരിക്കാനും വേണ്ടി ചില നിഗൂഢശക്തികള്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടതോടെ ആര്‍എസി തികഞ്ഞ ജാഗ്രത പാലിച്ചു. എല്ലാ ഡിപ്പാര്‍ട്ടുകളില്‍ നിന്നും അനുകൂല റിപ്പോര്‍ട്ടുകള്‍ നേടിയെടുത്തു. അതിനായി ആത്മാര്‍ത്ഥമായി സഹായിച്ച റെയില്‍വേയിലെ നല്ല സുഹൃത്തുക്കളെ നന്ദിയോടെ സ്മരിക്കുന്നു. അനുകൂല റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കാനായെങ്കിലും അതിന് ആറേഴു ദിവസങ്ങള്‍ വേണ്ടിവന്നു എന്നത് വാസ്തവം.
ഫൈനല്‍ അപ്രൂവലിനായി ഫയല്‍ വീണ്ടും ഹുബ്ലിയിലേക്ക്. അവിടെ ചില ഇടപെടലുകള്‍. കനപ്പെട്ട ശുപാര്‍ശകള്‍ !. ഫയല്‍ നീക്കം ദ്രുതഗതിയിലാക്കാന്‍ വേണ്ടതെല്ലാം ചെയ്തു. അവസാനം സിപിടിഎം (ചീഫ് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജര്‍) ഒപ്പുവെച്ചതോടെ കണ്ണൂര്‍ എക്‌സ്പ്രസ് യശ്വന്തപുരത്തുനിന്ന് പുനരാരംഭിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി എന്നുപറയാം. എന്നാല്‍ പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം വാങ്ങേണ്ടതുണ്ട്. അതിനായി ഫയല്‍ ബെംഗളൂരുവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫിസിലെത്തി.
ആയിരക്കണക്കിന് പാവപ്പെട്ട യാത്രക്കാരെ വിശേഷിച്ചും വൃദ്ധരെയും കുട്ടികളെയും ദുരിതത്തിലാക്കിയ ഈ പ്രശ്‌നം പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പേ ഉണ്ടായതായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിയോജിപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ റെയില്‍വേ കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുളള വകുപ്പായതിനാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം കൂടി ആവശ്യമാണെന്ന് രേഖപ്പെടുത്തി ഫയല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദം കിട്ടിയാലുടനെ ഈ ട്രെയിന്‍ യശ്വന്തപുരത്തുനിന്ന് പുറപ്പെടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ റെയില്‍വേ ചെയ്തിട്ടുണ്ടെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ മനസിലായത്.
ആര്‍എസി പ്രവര്‍ത്തകര്‍ക്കുവേണ്ടി,
വിഷ്ണുമംഗലം കുമാര്‍
Mob : 97391 77560
കെ. സന്തോഷ് കുമാര്‍
Mob : 98452 83218
ദിനേഷ് പിഷാരടി
Mob : 94490 00254
നാള്‍വഴികള്‍
[catlist id=2399]
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.