ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ റണ്‍മല പടുത്തുയര്‍ത്തി ടീം ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ചേതേശ്വര്‍ പൂജാരയുടെയും (193), ഋഷഭ് പന്തിന്റെയും (159) സെഞ്ചുറി കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ഏഴിന് 622 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

രവീന്ദ്ര ജഡേജയും (81) നിര്‍ണായക സംഭാവന നല്‍കി. നേരത്തെ മായങ്ക് അഗര്‍വാളും (77), ഹനുമ വിഹാരി (42)യും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ മൂന്നും ജോഷ് ഹേസല്‍വുഡ് രണ്ടും വിക്കറ്റ് നേടി.

പന്തിന്റെ അതിവേഗ സെഞ്ചുറിയും പൂജാരയുടെ ഇരട്ട സെഞ്ചുറി നഷ്ടവുമായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ഹൈലൈറ്റസ്. നാലിന് 303 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് വിഹാരിയെ നഷ്ടമായി. നഥാന്‍ ലിയോണിനാണ് വിക്കറ്റ്.

എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന പന്ത് പൂജാര സഖ്യം 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അധികനേരം ഈ കൂട്ടുക്കെട്ട് മുന്നോട്ട് പോയില്ല. ഇരട്ട സെഞ്ചുറിക്ക് തൊട്ടടുത്ത് പൂജാര വീണു. 193 റണ്‍സെടുത്ത പൂജാരയെ സ്വന്തം പന്തില്‍ നഥാന്‍ ലിയോണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

ഓസീസിനെതിരെ മാത്രം മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടാനുള്ള അവസരമാണ് പൂജാരയ്ക്ക് നഷ്ടമായത്. 373 പന്തില്‍ 22 ബൗണ്ടറി ഉള്‍പ്പെടെയാണ് പൂജാര 193 റണ്‍സെടുത്തത്.
ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ട സെഞ്ചുറി നഷ്ടമായെങ്കിലും ഋഷഭ് പന്ത് വൈകാതെ സെഞ്ചുറി പൂര്‍ത്തിയാക്കി.

189 പന്തില്‍ 15 ഫോറും ഒരു സ്‌കിസും ഉള്‍പ്പെടുന്നതാണ് പന്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. പന്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. നേരത്തെ ഇംഗ്ലണ്ട് പരമ്പരയിലും പന്ത് സെഞ്ചുറി നേടിയിരുന്നു. മാത്രമല്ല, രണ്ട് രാജ്യങ്ങളിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിനെ തേടിയെത്തി.

പന്തിന് കൂട്ടുണ്ടായിരുന്ന രവീന്ദ്ര ജഡേജയും മികച്ച പ്രകടനം പുറത്തെടുത്തു. 114 പന്തുകള്‍ നേരിട്ട താരം ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്ന ജഡേജയുടെ ഇന്നിങ്‌സ്. 204 റണ്‍സാണ് ഇരുവരും ചേര്‍ന്നുള്ള സഖ്യം കൂട്ടിച്ചേര്‍ത്തത്.

നേരത്തെ, സിഡ്‌നിയിലും ടോസിലെ ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കാന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കെ എല്‍ രാഹുലാണ് മായങ്കിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഒരിക്കല്‍ കൂടി രാഹുല്‍ തുടക്കത്തിലേ മടങ്ങി.

10 റണ്‍സെ അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു. എന്നാല്‍ വണ്‍ഡൗണായി എത്തിയ പൂജാരക്കൊപ്പം ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ട മായങ്ക് നഥാന്‍ ലിയോണിനെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ 77 റണ്‍സെടുത്ത് പുറത്തായി.

126/2 എന്ന സ്‌കോറില്‍ പൂജാരയ്ക്ക് കൂട്ടായി വിരാട് കൊഹ്‌ലി ക്രീസിലെത്തി. മികച്ച തുടക്കമിട്ട കൊഹ്‌ലിയെ(23) ലെഗ് സ്റ്റംപിന് പുറത്തുപോയൊരു പന്തില്‍ ഹേസല്‍വുഡ്, ടിം പെയ്‌നിന്റെ കൈകകളിലെത്തിച്ചു. 180 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍.

രഹാനെയും(18) നല്ല തുടക്കമിട്ടെങ്കിലും സ്റ്റാര്‍ക്കിന്റെ അതിവേഗ ബൗണ്‍സറില്‍ വീണു. പിന്നാലെ എത്തിയ ഹനുമാ വിഹാരിയില്‍ പൂജാര മികച്ച പങ്കാളിയെ കണ്ടെത്തിയതോടെ ഇന്ത്യ സുരക്ഷിത തീരത്തേക്ക് നീങ്ങി. ഇരുവരും 101 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ പരമ്പരയിലെ മൂന്നാമത്തെയും ടെസ്റ്റ് കരിയറിലെ പതിനെട്ടാമത്തെയും സെഞ്ചുറിയും പൂജാര സ്വന്തം പേരില്‍ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us