ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസിടിവി ക്യാമറകള്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം പുറത്തുവന്നതോടെ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ തിരിമറി നടക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്.
ഖുര്‍യീ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഭുപേന്ദ്ര സിംഗും ജില്ലാ കലക്ടര്‍ അലോക് സിംഗും പരിചിതരാണെന്നും തിരിമറിയ്ക്ക് സാധ്യതയുണ്ടെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു.
നിരവധി ആരോപണങ്ങളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നിന്നും പുറത്തു വരുന്നത്.
സാഗറില്‍ വോട്ടടെപ്പിനു ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് സ്ട്രോംഗ് റൂമിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എത്തിച്ചത്. ആ സംഭവത്തില്‍ നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഇവിഎമ്മുകള്‍ എത്തിക്കാന്‍ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ഓള്‍ഡ് ജയില്‍ ക്യാമ്പസിലെ സ്ട്രോംഗ് റൂം പൂട്ടിയിരുന്നില്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണവും ഇലക്ഷന് കമ്മീഷന് ശരിവച്ചു. പരാതിക്കു ശേഷം ഇവ പൂട്ടിയതായി കമ്മീഷന് പ്രസ്താവനയില്‍ പറഞ്ഞു.
സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാതെവന്നതു സംബന്ധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നവംബര്‍ 30 ന് രാവിലെ 8.19 മുതല്‍ 9.35 വരെയാണ് വൈദ്യുതിബന്ധം നിലച്ചതുമൂലം ക്യാമറകളും ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ടിവിയും പ്രവര്‍ത്തന രഹിതമായത്. ഈ സമയം ക്യാമറകളില്‍ റിക്കോര്‍ഡിംഗ് ഉണ്ടായില്ല. ഇതേ തുടര്‍ന്ന് ഒരു എല്‍ഇഡി ടിവിയും ഇന്‍വെര്‍ട്ടറും ജനറേറ്ററും എത്തിച്ചാണ് പ്രശ്നം പരിഹരിച്ചതെന്നും കമ്മീഷന് പ്രസ്താവനയില്‍ പറയുന്നു.
മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനു ശേഷം ഇവിഎം നമ്പര്‍ പ്ലേറ്റ് പോലുമില്ലാത്ത ഒരു സ്കൂള്‍ ബസിലാണ് കൊണ്ടുപോയത്. ഈ സ്കൂള്‍ ബസ് സാഗര്‍ കളക്ടറുടെ ഓഫീസ് വളപ്പില്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് എംപി വിവേക് താന്‍ഖ ആരോപിച്ചു.
സംസ്ഥാന ആഭ്യന്തരമന്ത്രി ഭുപേന്ദ്ര സിംഗിന്റെ മണ്ഡലമായ ഖുറേയില് പകരംവയ്ക്കാന്‍ എത്തിച്ച വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പിനു ശേഷം രണ്ടു മണിക്കൂറിനുള്ളില്‍ തിരിച്ചുകൊണ്ടുപോയി. എന്നാല്‍ വോട്ടിംഗ് മെഷീനുകള്‍ രണ്ടു ദിവസത്തിനു ശേഷമാണ് സ്ട്രോംഗ് റൂമില്‍ എത്തിച്ചതെന്നും വിവേക് പറയുന്നു. വോട്ടിംഗ് മെഷീനുകളല്ല സ്ട്രോംഗ് റൂമില്‍ എത്തിക്കാന്‍ വൈകിയതെന്നും, മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പകരംവയ്ക്കാന്‍ എത്തിച്ചവയാണ് തിരികെയെത്തിക്കാന്‍ വൈകിയതെന്നുമായിരുന്നു ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ വിശദീകരണം.
അതേസമയം, തിരഞ്ഞെടുപ്പിനുശേഷം പുറത്തുവരുന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഇവിഎമ്മുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനും ബലമേറുകയാണ്. തിരിമറി നടത്താനായി സര്‍ക്കാര്‍ അധികാരികള്‍ ഒത്താശ ചെയ്യുന്നതായാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ആരോപിക്കുന്നത്.
കൂടാതെ, നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും ന്യായവുമായിരിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചു. ഒപ്പം ഇവിഎമ്മുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.