മുഖം മിനുക്കി”ന്യൂജെൻ”ആകാൻ ലാൽബാഗ്.

ബെംഗളൂരു: നമ്മുടെ എല്ലാം  പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് പുതുരൂപത്തിലേക്ക്. ചിത്രശലഭ ഉദ്യാനവും സുഗന്ധം വമിക്കുന്ന പൂക്കളുടെ പ്രത്യേക ഉദ്യാനവുമുൾപ്പെടെ നിർമിച്ച് ലാൽബാഗിലെ 25 ഏക്കർ നവീകരിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് തീരുമാനിച്ചു.

പശ്ചിമഘട്ടമേഖലയിലെ മരങ്ങൾ, വംശനാശത്തിന്റെ വക്കിലുള്ള സസ്യങ്ങൾ എന്നിവയ്ക്കും സ്ഥലം നീക്കിവെക്കും. 75 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി വകുപ്പ് നീക്കിവെച്ചിരിക്കുന്നത്.

കേരള വനംവകുപ്പ് നിലമ്പൂരിൽ ഒരുക്കിയ ചിത്രശലഭ ഉദ്യാനത്തിന്റെ മാതൃകയിലായിരിക്കും ലാൽ ബാഗിലെയും ഉദ്യാനമൊരുക്കുന്നത്. ഹോർട്ടികൾച്ചർ ഉദ്യോഗസ്ഥർ നിലമ്പൂരിലെ ചിത്രശലഭ ഉദ്യാനം സന്ദർശിക്കും.

പൂമ്പാറ്റകളെ ആകർഷിക്കുന്ന 400-ഓളം ചെടികളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുക. പിന്നീട് ലാബിൽ പ്യൂപ്പകൾ വളർത്തി ഇവിടെ നിക്ഷേപിക്കും. ഒരിക്കൽ പൂമ്പാറ്റകൾ ഉദ്യാനത്തിലെത്തിയാൽ പിന്നീട് ഇവ പെരുകും.

സസ്യങ്ങളുടെ വളർച്ചയിൽ ശ്രദ്ധനൽകിയാൽ മറ്റ് കാര്യമായ പരിപാലനങ്ങളൊന്നും ഇവയ്ക്ക് ആവശ്യമില്ല.

മികച്ച മണമുള്ള പൂക്കൾ ഉൾപ്പെടുത്തിയാണ് സുഗന്ധ ഉദ്യാനം നിർമിക്കുന്നത്. നഗരത്തിലെ കാലാവസ്ഥയിൽ വളരുന്ന പൂച്ചെടികൾ കണ്ടെത്തി പ്രത്യേകമേഖലതിരിച്ച് ഇവിടെ നട്ടുപിടിപ്പിക്കും. കാലവ്യത്യാസങ്ങളില്ലാതെ മുഴുവൻ സമയവും പൂക്കളുണ്ടാകുന്ന ചെടികൾക്കാകും മുൻഗണന നൽകുക. അപൂർവയിനം മുല്ലച്ചെടികൾ, സുഗന്ധരാജൻ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ടാകും. ചെടികൾക്കിടയിലൂടെ നടവഴികളും നിർമിക്കാനാണ് അധികൃതരുടെ പദ്ധതി. സുഗന്ധ ഉദ്യാനം പൂർത്തിയാകുന്നതോടെ ഇവിടെയെത്തുന്നവർക്ക് വ്യത്യസ്തമായ അനുഭവമാകും.

പശ്ചിമഘട്ടത്തിലെ സസ്യങ്ങൾ രണ്ട് ഏക്കർപ്രദേശത്താണ് നട്ടുപിടിപ്പിക്കുക. ചിലയിനം സസ്യങ്ങൾ ഹോർട്ടികൾച്ചർ വകുപ്പ് ഇപ്പോൾ നട്ടുവളർത്തുന്നുണ്ട്. ഇവ ലാൽബാഗിലേക്ക് മാറ്റും. കാലാവസ്ഥയാണ് ഇത്തരം ഉദ്യാനങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി. ഈ മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും ഏതൊക്കെ സസ്യങ്ങൾ നടണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ‘ലാൽബാഗ് റോക്കി’ന് തൊട്ടടുത്തുള്ള സ്ഥലമാണ് പദ്ധതിക്കുവേണ്ടി ഉപയോഗപ്പെടുത്തുക. 240 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ലാൽ ബാഗിൽ ഇപ്പോൾ 4500-ഓളം ഇനത്തിൽപ്പെട്ട സസ്യങ്ങളുണ്ടെന്നാണ് കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us