ബെംഗളൂരു : തമിഴ് നടൻ അർജുൻ സർജയിൽനിന്നുള്ള പീഡനം ഒരു വർഷത്തിനുശേഷം ഏറ്റുപറയാൻ മീടൂ പ്രചാരണമാണു ധൈര്യം പകർന്നതെന്ന് നടി ശ്രുതി ഹരിഹരൻ. തെളിവുകൾ കയ്യിലുണ്ടെന്നും കോടതിക്കു മുന്നിൽ വേണ്ടപ്പോൾ ഹാജരാക്കുമെന്നും ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാളിറ്റിയുടെ (ഫയർ) നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേനത്തിൽ അവർ വ്യക്തമാക്കി. അർജുൻ സർജയ്ക്കെതിരെ ക്രിമിനൽ പരാതി നൽകണോ എന്ന കാര്യത്തിൽ ഫയർ രൂപീകരിച്ച ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി (ഐസിസി) തീരുമാനമെടുക്കും. 2016ൽ വിസ്മയ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് അർജുൻ സർജ അപമാനിക്കാൻ ശ്രമിച്ചതെന്നു ശ്രുതി ഹരിഹരൻ പറഞ്ഞു. എങ്ങനെ പ്രതികരിക്കണമെന്ന് അന്നു തനിക്ക് അറിയില്ലായിരുന്നു. എങ്കിലും ഇക്കാര്യം സംവിധായകന്റെ ശ്രദ്ധയിൽപെടുത്തി. ഷൂട്ടിങ് കഴിഞ്ഞയുടൻ കാരവനിലേക്കു പോകണമെന്നു നിഷ്കർഷിച്ചു. എന്നാൽ, പൊതുസമൂഹത്തിനു മുന്നിൽ പറയാൻ ധൈര്യമില്ലായിരുന്നു.
മീടൂ പ്രചാരണമാണ് തന്നെ ഇതിനു പ്രാപ്തയാക്കിയതെന്നും ശ്രുതി പറഞ്ഞു. എന്നാൽ, തനിക്കു നേരിട്ട ദുരനുഭവം മാത്രമല്ല വിഷയമെന്നും, സൂപ്പർ താരങ്ങൾ ഇത്തരത്തിൽ ദുരുദ്ദേശ്യപരമായി പെരുമാറുന്നതു തെറ്റാണെന്നും ശ്രുതി പറഞ്ഞു. കന്നഡ ചലച്ചിത്ര വ്യവസായത്തിൽ, ലൈംഗിക പീഡനങ്ങൾ അന്വേഷിക്കാൻ മാത്രമായി പ്രത്യേകം ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഫയർ അംഗങ്ങളായ വിജയലക്ഷ്മി പാട്ടീൽ, പഞ്ചമി, രൂപ അയ്യർ, രേഖ റാണി, കവിതാ ലങ്കേഷ്, ചേതൻ എന്നിവരും സന്നിഹിതരായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.