ബെംഗളൂരു: നഗരത്തിൽ നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിൽ തങ്ങൾ നിസ്സഹായരാണെന്ന് ബെംഗളൂരു കോർപ്പറേഷൻ. നായ്ക്കളുടെ സ്വഭാവ സവിശേഷതകളും ഭക്ഷണരീതിയും ആരോഗ്യവുമാണ് അക്രമാസക്തരാകുന്നതിന്റെ കാരണങ്ങളെന്ന് ബെംഗളൂരു കോർപ്പറേഷൻ സംസ്ഥാന ബാലാവകാശകമ്മിഷനിൽ വ്യക്തമാക്കി.
11 വയസ്സുകാരൻ നായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മിഷൻ ബെംഗളൂരു കോർപ്പറേഷനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നായ്കളുടെ സ്വാഭാവ മാറ്റത്തിന് ഒന്നും ചെയ്യാനില്ലെന്നാണ് കോർപ്പറേഷന്റെ വാദം. 2012-ലെ കണക്കനുസരിച്ച് നഗരത്തിൽ 1.85 ലക്ഷം തെരുവുനായ്കളുണ്ടെന്നാണ് കണക്ക്. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളിലാണ് ഇവ കൂട്ടത്തോടെ താമസിക്കുന്നത്. ഇത്തരം മാലിന്യകേന്ദ്രങ്ങൾ നവീകരിക്കുകയും മാലിന്യം കെട്ടിക്കിടക്കാതെ നീക്കം ചെയ്യുകയും വേണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ വിവിധ സംഘടനകൾ പ്രതിഷേധത്തിലാണ്.
കോടിക്കണക്കിന് രൂപ ചെലവിടുമ്പോഴും നായകളുടെ വന്ധ്യകരണം ഉൾപ്പെടെയുള്ള നടപടികൾ കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. സെപ്റ്റംബർ 20 വരെ നഗരത്തിൽ നായ്കളുടെ കടിയേറ്റത് 27464 പേർക്കാണെന്നാണ് കണക്ക്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയും 400 -ഓളം സ്വകാര്യ ആശുപത്രികളിൽ നിന്നുമുള്ള കണക്കാണിത്. തെരുവുനായകളെ നിയന്ത്രിക്കാൻ കോർപ്പറേഷൻ നടപടികളെടുക്കുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണിത്. നായ്കളെ പിടികൂടി വന്ധ്യം കരിക്കാൻ സ്വകാര്യഏജൻസിയെയാണ് കോർപ്പറേഷൻ ഏൽപ്പിച്ചത്. വന്ധ്യംകരിച്ച് അന്നുതന്നെ തെരുവിലേക്ക് തിരിച്ചുവിടുന്നരീതിയാണുണ്ടായിരുന്നത്. എന്നാൽ നാലുദിവസമെങ്കിലും നിരീക്ഷണത്തിൽ വെക്കണമെന്ന നിബന്ധനയെത്തുടർന്ന് വന്ധ്യകരണം താളം തെറ്റുകയായിരുന്നുവെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.