ബെംഗളൂരു: കർണാടക ആർ.ടി.സി.യുടെ ആഡംബര ബസുകളിൽ തീപ്പിടിത്തം കണ്ടെത്തുന്ന ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നു. ബസിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് തീപ്പിടിത്തമുണ്ടായാൽ അലാറം മുഴങ്ങുന്നതിനൊപ്പം തീയണയ്ക്കുന്ന ഉപകരണങ്ങൾ സ്വമേധയാ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്യും. ആഡംബരബസുകളിൽ തീപ്പിടിത്തമുണ്ടായാൽ കണ്ടെത്താൻ വൈകുന്നത് അപകടത്തിനിടയാക്കുന്നുവെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞമാസം തിരുപ്പതിയിൽനിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർ.ടി.സി.യുടെ വോൾവോ ബസിന് തീപിടിച്ചിരുന്നു. അന്ന് തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. ഈ സാഹചര്യത്തിലാണ് തീപ്പിടിത്തം കണ്ടെത്താൻ പുതിയ സംവിധാനം ആവശ്യമാണെന്ന അഭിപ്രായമുയർന്നത്.
എൻജിൻ കമ്പാർട്ടുമെന്റുകളിലാണ് ഭൂരിഭാഗം വാഹനങ്ങളിലും തീപ്പിടിത്തമുണ്ടാകുന്നത്. ആഡംബര ബസുകളുടെ എൻജിൻ പിറകിലായതിനാൽ ഇവ കണ്ടെത്തുക എളുപ്പമല്ല.
സ്വീഡൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഉപകരണമാണ് കർണാടക ആർ.ടി.സി.യുടെ ബസുകളിലും സ്ഥാപിക്കുന്നത്. തീപ്പിടിത്തമുണ്ടായാൽ അലാറം മുഴങ്ങുന്നതോടൊപ്പം തീപിടിച്ച ഭാഗത്ത് ഒരുതരം പത സ്പ്രേ ചെയ്യുന്നതാണ് ഇവയുടെ പ്രവർത്തനരീതി. തീ അതിവേഗം അണയ്ക്കാൻ ഈ പതയ്ക്ക് കഴിയും. ഉപകരണം സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
കർണാടക ആർ.ടി.സി.യുടെ പുതിയ ബസുകളിൽ തീയണയ്ക്കാനുള്ള സാധാരണ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പഴയ ബസുകളിൽ ഇവ ലഭ്യമല്ല. ആവശ്യമെങ്കിൽ ഇത്തരം ബസുകളിലും തീയണയ്ക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അത്യാധുനിക ഉപകരണങ്ങൾ ആദ്യഘട്ടത്തിൽ ദീർഘദൂര ആഡംബര ബസുകളിലായിരിക്കും സ്ഥാപിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.