വടക്കന്‍ കേരളത്തില്‍ മഴ തുടരുന്നു; ജാഗ്രത തുടരാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 15 വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശം.

ദുരന്തനിവാരണത്തിലും ദുരിതാശ്വാസത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ജില്ലാ കളക്ടര്‍മാരോടും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നുണ്ട്. ഇത് ആശ്വാസകരമാണെന്നും, മഴയില്‍ കുറവ് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞേക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വയനാട്ടിലെയും എറണാകുളത്തെയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.

ദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചെന്നും ക്യാമ്പുകള്‍ സംതൃപ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2399.20 അടിയാണ് നിലവിലെ ജലനിരപ്പ്‌.

പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നെത്തും. ഉച്ചയ്ക്ക് 12.50 ഓടെയാണ് അദ്ദേഹം കൊച്ചിയിലെത്തുക. തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗം ഇടുക്കി, ചെറുതോണി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

വൈകിട്ട് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും കേരളത്തിലെ പ്രളയത്തെ കുറിച്ചുള്ള വിവരങ്ങള്‍ രാജ്‌നാഥ് സിംഗിന് കൈമാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us