ബെംഗളൂരു: സഖ്യ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന വിൽപന നികുതി വർധനയും അധിക വൈദ്യുതി സെസും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാകക്ഷി യോഗത്തിൽ കോൺഗ്രസ് എംഎൽഎമാർ.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് കക്ഷി നേതാവുമായ സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ബജറ്റ് കോൺഗ്രസിനു ചീത്തപ്പേരുണ്ടാക്കിയെന്ന അഭിപ്രായമാണ് ഏറെപ്പേരും പങ്കിട്ടത്. അധിക നികുതി ഭാരം സാധാരണക്കാരനു മേൽ കെട്ടിവച്ച ബജറ്റിന്റെ പേരിൽ ജനം കോൺഗ്രസിനെ പഴിക്കുകയാണെന്നും എംഎൽഎമാർ പറഞ്ഞു.
ബജറ്റിൽ 34000 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളിയ നടപടി ദളിന് ഏറെ പിന്തുണയുള്ള പഴയ മൈസൂരു മേഖലയിലെ കർഷകരെ സഹായിക്കാനാണെന്നും വടക്കൻ കർണാടകയോട് അവഗണനയാണെന്നും അഭിപ്രായമുയർന്നു.
ദളുമായി ചേർന്ന് സഖ്യസർക്കാരുണ്ടാക്കിയത് ഒരിക്കലും കോൺഗ്രസ് പാർട്ടിക്കു വിനയായി മാറരുത്. ധനവകുപ്പു കൈകാര്യം ചെയ്യുന്ന കുമാരസ്വാമിയോട് അധിക വൈദ്യുതി സെസും ഇന്ധന വില വർധനയും പിൻവലിക്കാൻ സിദ്ധരാമയ്യ ആവശ്യപ്പെടണമെന്നും അവർ നിർദേശിച്ചു.
ന്യൂനപക്ഷ വിഭാഗക്കാരെയും വടക്കൻ കർണാടകയേയും ബജറ്റിൽ അവഗണിച്ചെന്നു കാണിച്ച് മുതിർന്ന നേതാവ് എച്ച്.കെ.പാട്ടീൽ എഴുതിയ കത്തിനെ കുറിച്ചും യോഗം ചർച്ച ചെയ്തു. പ്രദേശിക വേർതിരിവ് ബജറ്റിൽ പ്രകടമായിരുന്നെന്ന് എച്ച്.കെ.പാട്ടീലിന്റെ അഭിപ്രായത്തെ മിക്ക സാമാജികരും പിന്താങ്ങി.
അന്നഭാഗ്യ പദ്ധതിയിന്മേലുള്ള അരിവിഹിതം വെട്ടിക്കുറച്ച കുമാരസ്വാമി സർക്കാരിന്റെ നടപടിയെയും യോഗം വിമർശിച്ചു. ബിപിഎൽ കുടുംബങ്ങൾക്ക് ആളൊന്നിന് ഏഴു കിലോഗ്രാമിൽ നിന്ന് അഞ്ചു കിലോഗ്രാമായാണ് വിഹിതം കുറച്ചത്. നിയമ നിർമാണ കൗൺസിലിലെ ചെയർമാൻ പദവി എസ്.ആർ.പാട്ടീലിനു നൽകണമെന്നും, ഇതു ദളിനു വിട്ടുകൊടുക്കരുതെന്നും നിയമസഭാ കക്ഷിയോഗം നിഷ്കർഷിച്ചു.