മോസ്‌കോ: 1966നു ശേഷം കന്നി ലോകകിരീടമെന്ന ഇംഗ്ലണ്ടിന്റെ മോഹം സെമി ഫൈനലില്‍ പൊലിഞ്ഞു. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ ക്രൊയേഷ്യയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. എക്‌സ്ട്രാടൈമിലേക്കു നീണ്ട അത്യധികം ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ക്രൊയേഷ്യ ഇംഗ്ലണ്ടിന്റെ കഥ കഴിക്കുകയായിരുന്നു. ഇതാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്റെ കലാശക്കളിക്കു യോഗ്യത നേടുന്നത്.
അഞ്ചാം മിനിറ്റില്‍ തന്നെ കീറന്‍ ട്രിപ്പിയറുടെ ഞെട്ടുന്ന ഗോളില്‍ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാല്‍, അറുപത്തിയെട്ടാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് സമനില നേടി. എക്‌സ്ട്രാ ടൈമിന്റെ 109-ാം മിനിറ്റില്‍ മരിയോ മന്‍സൂക്കിച്ച് ചരിത്രം കുറിച്ച ഗോള്‍ വലയിലാക്കി.
1998ലെ മൂന്നാം സ്ഥാനമായിരുന്ന ക്രൊയേഷ്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ഇതിനുശേഷം ഗ്രൂപ്പ് റൗണ്ടിനപ്പുറത്തെത്താന്‍ കഴിയാതിരുന്നവരാണ് ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് ഫൈനലിലത്തിയത്.ഇതോടെ ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും കുറഞ്ഞ ഫിഫ റാങ്കിങ്ങുള്ള ടീമായിരിക്കുകയാണ് ക്രൊയേഷ്യ.
ഇംഗ്ലീഷ് പ്രതിരോധ നിരയുടെ അശ്രദ്ധയിലൂടെയാണ് മാന്‍സൂക്കിച്ച് ക്രൊയേഷ്യക്കായി വിജയഗോള്‍ നേടികൊടുത്തത്. ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ബോക്സിനുള്ളില്‍ലേക്ക് തന്നെ ഉയര്‍ത്തിയടിച്ച് ഇംഗ്ലീഷ് പ്രതിരോധ താരങ്ങള്‍ അലസതകാട്ടിയപ്പോള്‍ ആ പന്ത് അവസാനമെത്തിയത് മന്‍സൂക്കിച്ചിന്റെ കാലിലായിരുന്നു. സ്റ്റോണ്‍സിനേയും മറികടന്ന് പിക്ക്ഫോര്‍ഡിന് അവസരം നല്‍കാതെ മന്‍സൂക്കിച്ച് വല ചലിപ്പിച്ചു
നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം നീങ്ങിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നത്. അഞ്ചാം മിനിറ്റില്‍ ട്രിപ്പിയറിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 68-ാം മിനിറ്റില്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ ഒപ്പം പിടിക്കുകയായിരുന്നു.
മനോഹരമായൊരു ഫ്രീ കിക്കിലൂടെയാണ് ട്രിപ്പിയര്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിത്തിച്ചത്. ലിന്‍ഗാര്‍ഡിനെ മോഡ്രിച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീ കിക്ക് നല്‍കിയത്. ബോക്‌സിന്റെ തൊട്ടുപുറത്ത് നിന്നെടുത്ത ഫ്രീ കിക്ക് ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു. 2006ല്‍ ഇക്വഡോറിനെതിരെ ഡേവിഡ് ബെക്കാം ഫ്രീ കിക്കിലൂടെ ഗോള്‍ നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം വീണ്ടും ആ നേട്ടം ആവര്‍ത്തിക്കുന്നത്. ട്രിപ്പറുടെ ന്താരാഷ്ട്ര കരിയറിലെ ആദ്യ ഗോളുമായിരുന്നു ഇത്.
68-ാം മിനിറ്റില്‍ സാഹസികമായൊരു ഷോട്ടിലൂടെയായിരുന്നു പെരിസിച്ചിന്റെ ഗോള്‍. ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് വ്രസാല്‍ക്കോ ഉയര്‍ത്തി നല്‍കിയ പന്ത് ഇംഗ്ലീഷ് താരം വാള്‍ക്കറുടെ തലയ്ക്ക് മുകളിലേക്ക് കാലുയയര്‍ത്തി അടിക്കുകയായിരുന്നു പെരിസിച്ച്.
ആദ്യ പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ ലക്ഷ്യം കാണാത്തതില്‍ ഇംഗ്ലണ്ട് ഇപ്പോള്‍ സ്വയം പഴിക്കുന്നുണ്ടാകും. പന്ത് കൈയക്കം വെക്കുന്നതില്‍ മത്സരത്തിലുടനീളം ക്രൊയേഷ്യ മുന്‍പന്തിയില്‍ നിന്നിരുന്നെങ്കിലും ആദ്യ പകുതിയില്‍ ഗോളിലേക്കുള്ള നിരവധി തുറന്ന അവസരങ്ങളാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഈ അവസരങ്ങളെല്ലാം തേടിയെത്തിയത് ക്രൊയേഷ്യയെയാണ്. ഒരു ഗോള്‍ തിരിച്ചടിച്ചതോടെയാണ് അവര്‍ ഊര്‍ജം വീണ്ടെടുത്ത് പോരാട്ടം ശക്തമാക്കിയത്. ഇത് ഫലം കാണുകയും ചെയ്തു. ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് മാന്‍സൂക്കിച്ചും പെരിസിച്ചും റെബിച്ചും തുടര്‍ച്ചയായി ആക്രമണം നടത്തികൊണ്ടിരുന്നു. ഒടുവില്‍ മാന്‍സൂക്കിച്ചിലൂടെ ചരിത്രം സൃഷ്ടിച്ച് അവര്‍ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.