സോച്ചി: സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ റഷ്യയുടെ സ്വപ്നതുല്യമായ കുതിപ്പിന് ക്രൊയേഷ്യ ബ്രേക്കിട്ടു. ലോകകപ്പിലെ നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ത്രില്ലറില്‍ ക്രൊയേഷ്യ അടിയറവ് പറയിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-3ന്റെ ജയമാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്. ഇതോടെ സെമി ലൈനപ്പ് പൂര്‍ത്തിയായി. ഇംഗ്ലണ്ടാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടും.
1998ന് ശേഷം ആദ്യമായാണ് ക്രൊയേഷ്യ സെമിഫൈനല്‍ കളിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിനെതിരേയും ക്രൊയേഷ്യ ഷൂട്ടൗട്ട് അതിജീവിച്ചിരുന്നു, . രണ്ട് ഷൂട്ടൗട്ടിലും നിര്‍ണായകമായ അവസാന കിക്കെടുത്തത് റാക്കിറ്റിച്ചായിരുന്നു. രണ്ടും സമ്മര്‍ദം അതിജീവിച്ച് ബാഴ്സലോണ താരം വലയിലെത്തിച്ചു.
ബ്രോസോവിച്ച്, മോഡ്രിച്ച്, വിദ,റാക്കിറ്റിച്ച് എന്നിവര്‍ ക്രൊയേഷ്യക്കായി ലക്ഷ്യം കണ്ടപ്പോള്‍ കൊവാസിച്ചിന്റെ കിക്ക് റഷ്യന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു. സഗയോവ്, ഇഗ്നാസേവെച്ച്, കുസ്യാവേ എന്നിവരാണ് റഷ്യക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. പക്ഷേ ആദ്യ കിക്കെടുത്ത സ്മോളോവിനും മൂന്നാം കിക്കെടുത്ത ഫെര്‍ണാണ്ടസിനും പിഴച്ചു.
ആദ്യ പകുതിയില്‍ ഇരുടീമുകളും നേടിയ ഓരോ ഗോളില്‍ സമനില പാലിച്ച് മത്സരത്തിന്റെ നിശ്ചിത സമയം അവസാനിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നത്. 31-ാം മിനിറ്റില്‍ റഷ്യക്കായി ചെറിഷേവും 39-ാം മിനിറ്റില്‍ ക്രൊയേഷ്യക്കായി ക്രാമറിച്ചുമാണ് ഗോളുകള്‍ നേടിയത്. 90-ാം മിനിറ്റ് വരെ ഈ ഗോളുകള്‍ക്കപ്പുറം ഇരുടീമുകള് പോകാന്‍ കഴിഞ്ഞില്ല.
ഗോളിയെ പോലും കാഴ്ചക്കാരനാക്കിക്കൊണ്ടുള്ളതായിരുന്ന ഗോളിലേക്കുള്ള ചെറിഷേവിന്റെ ഷോട്ട്. ലോകകപ്പ് ഫുട്ബോളിന്റെ അവസാന ക്വാർട്ടർഫൈനലിൽ ഇതോടെ റഷ്യ മുന്നിലെത്തി. മുപ്പത്തിയൊന്നാം മിനിറ്റിലായിരുന്നു ഗോൾ.
മധ്യനിരയിൽനിന്ന് കിട്ടിയ പന്ത് സ്യൂബയും ചെറിഷേവും പരസ്പരം കൈമാറി ക്രൊയേഷ്യൻ പ്രതിരോധത്തെ നെടുകെ പിളർന്നു. ഒടുവിൽ ചെറിഷേവ് ബോക്സിന്റെ മുകളറ്റത്ത് നിന്ന് ഓർക്കാപ്പുറത്തൊരു കിക്ക്. പന്ത് പുറത്തേയ്ക്കാണെന്ന് ധരിച്ച് ഗോളി കാഴ്ചക്കാരനായി നിൽക്കുന്നു. ഏതോ ഒരു ശക്തി പിടിച്ചുവലിച്ചതു പോലെ പന്ത് പറന്നുവന്ന് വലയിൽ; റഷ്യ മുന്നിൽ.
എന്നാൽ, എട്ട് മിനിറ്റിനുള്ളിൽ തന്നെ റഷ്യയെ ഞെട്ടിച്ച് ക്രൊയേഷ്യ ഒപ്പമെത്തി. റഷ്യൻ പ്രതിരോധത്തെ ഭേദിച്ച് ഇടതു പാർശ്വത്തിലൂടെ മുന്നേറി മാൻസൂകിച്ച് നൽകിയ ക്രോസിന് പോസ്റ്റിന് മുന്നിൽ നിന്ന് തലവയ്ക്കേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ ക്രാമറിച്ചിന്. 39-ാം മിനിറ്റിൽ മത്സരം വീണ്ടും ഒപ്പത്തിനൊപ്പം.
പിന്നീട് എക്സ്ട്രാ ടൈമില്‍ ക്രൊയേഷ്യ വീണ്ടും ലീഡെടുത്തു. 101-ാം മിനിറ്റില്‍ ദോമാഗോജ് വിദയിലൂടെയാണ് ക്രൊയേഷ്യ മുന്നിലെത്തിയത്. എന്നാല്‍ 115-ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിലൂടെ റഷ്യ തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറിലൂടെയാണ് വിദയുടെ ഗോള്‍ പിറന്നതെങ്കില്‍ ഫ്രീകിക്കിലൂടെയുള്ള മറ്റൊരു ഹെഡറിലൂടെയാണ് ഫെര്‍ണാണ്ടസ് ആതിഥേയര്‍ക്ക് സമനില ഗോള്‍ നേടികൊടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.