“ഇവർ നാടോടികളല്ല ഭിക്ഷക്കാരല്ല,കെഎസ്ആര്‍ടിസി ജീവനക്കാര്‍” നഗരത്തിലെത്തുന്ന കെഎസ്ആആർടിസി ജീവനക്കാരുടെ ജീവിതം ദുരിത പൂർണം;വൃത്തി ഹീനമായ ചുറ്റുപാടില്‍ ജീവിക്കേണ്ടി വരുന്ന ഇവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ സൌകര്യങ്ങള്‍ ചെയ്തു കൊടുക്കാനോ ആരുമില്ല;നിരവധി തവണ പരാതി പറഞ്ഞിട്ടും അധികാരികള്‍ക്ക് കേട്ട ഭാവമില്ല!

ബെംഗളൂരു: ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റിനെ ചുവടുപിടിച്ചാണ്  ഞങ്ങൾ ചില കെ എസ് ആർ ടി ജീവനക്കാരുമായി ബന്ധപ്പെടുന്നത്. അവർ നൽകിയ വിവരങ്ങൾ ഏതൊരു മനുഷ്യ സ്നേഹിയേയും ഞെട്ടിക്കാൻ പോന്നതായിരുന്നു.

കേരളത്തിലെ നിന്ന് പല ഡിപ്പോകളിൽ നിന്നായി നിരവധി ഡ്രൈവർമാരും(കണ്ടക്ടർമാരും) ബസ്സോടിച്ച് ബെംഗളൂരു നഗരത്തിലെത്തുന്നുണ്ട്. യാത്രക്കാരായ നമ്മൾ സത്യത്തിൽ അവരെവിടെ പോകുന്നു എങ്ങനെ ജീവിക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കാറേ ഇല്ല, ഇതിൽ നല്ലൊരു ശതമാനവും സർക്കാറിന്റെ ശമ്പളം നേരിട്ട് പറ്റുന്നവരാണ്, എന്തായാലും കേരള /കർണാടക സർക്കാർ ഒത്തുചേർന്നു കൊണ്ട് അവർക്ക് മോശമല്ലാത്ത പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കാന്നുള്ള അവസരവും വിശ്രമിക്കാനുള്ള സൗകര്യവും ചെയ്തു കൊടുത്തിട്ടുണ്ടാവുമെന്നാണ് ഒരു സാധാരണ യാത്രക്കാരൻ വിശ്വസിക്കുന്നത്. എന്നാൽ അതെല്ലാം വെറുമൊരു വിശ്വാസം മാത്രമാണ് എന്ന് പീനിയ ഡിപ്പോ വരെ ഒന്നു പോയാല്‍  മനസ്സിലാകും.

നഗരത്തിലേക്ക് വരുന്ന ബഹു ഭൂരിപക്ഷം കേരള ആർടിസി ബസുകളും വൈകുന്നേരങ്ങളിൽ കേരളത്തിൽ നിന്ന് യാത്രയാരംഭിക്കുകയും രാവിലെ നഗരത്തിൽ എത്തിച്ചേരുകയും ചെയ്യുന്ന വിധത്തിലാണ് ഷെഡ്യൂളുകൾ ക്രമീകരിചിരികുന്നത്. പിന്നീട് വൈകുന്നേരം ഇവിടെ നിന്ന് പുറപ്പെട്ട് തിരിച്ച് നാട്ടിലെത്തുന്ന രീതിയിൽ….

രാവിലെ നഗരത്തിലെത്തുന്ന ഡ്രൈവർമാരെയും കണ്ടക്ടർമാരേയും കാത്തിരിക്കുന്ന “സുഖ സൗകര്യ” ങ്ങളെ കുറിച്ച് ഇനി പറയാം.പ്രാഥമിക സൗകര്യങ്ങൾ നിവർത്തിക്കാനുള്ള ടോയ്ലറ്റ്,ബാത്ത് റൂമുകൾ എല്ലാം ബസ് സ്റ്റാന്റിൽ ഒരു യാത്രക്കാരന് ലഭിക്കുന്ന അതേ സ്ഥലങ്ങൾ തന്നെയാണ്. ബസ് സ്റ്റാന്റിലെ ടോയ് ലെറ്റിൽ ഒരു പ്രാവശ്യം കയറിയവർക്കറിയാം അതിന്റെ സ്റ്റാർ റേറ്റിംഗ്, കൂടുതലൊന്നും പറയേണ്ടതില്ലല്ലോ.

ഇനി പറയാൻ പോകുന്നതാണ് വളരെ ശോചനീയവും ഞെട്ടിക്കുന്നതുമായ കാര്യം, എട്ടു മണിക്കൂറിലധികം യാത്ര ചെയ്ത്  ഡ്രൈവ് ചെയ്ത് എത്തുന്ന നമ്മുടെ ജീവനക്കാരായ  സഹോദരൻമാർക്ക്  തല ചായ്ക്കാൻ ഒരിടം ലഭിക്കുന്നില്ല! പ്രധാനമായും ബസുകൾ നിർത്തിയിടുന്ന ഡിപ്പോകളായ ശാന്തിനഗർ, പീനിയ, സാറ്റലൈറ്റ് ബസ്‌ സ്റ്റാന്റ്  എന്നിവിടങ്ങളിലെ സ്ഥിതിയും ഇത് തന്നെ.

ഞങ്ങൾ ശീർഷകത്തിൽ പറഞ്ഞ പോലെ ഒരു സാധാരണ ഭിക്ഷക്കാരന്റെ അവസ്ഥയിലാണ് കന്നഡ നാടിന്റെ തലസ്ഥാനമായ “സിലിക്കൺ വാലിയിൽ ” വന്നെത്തുന്ന ഒരു കെ എസ് ആർ ടി സി ജീവനക്കാരന്റെ അവസ്ഥ. വോൾവോ, സ്കാനിയ മറ്റ് എയർ ബസുകളിൽ വരുന്നവർ ചിലർ താഴെയുള്ള അറകളിൽ കഴിച്ചുകൂട്ടും, ഇവയിൽ ഒന്നും പെടാത്ത ബസുകളിൽ വരുന്നവർ മുകളിൽ സീറ്റിന് സമീപത്തും. സുര്യനുദിക്കുന്നതോടെ കടുത്ത ചൂട് തുടങ്ങും, ചുട്ടുപഴുത്ത് ലോഹച്ചട്ടക്കുള്ളിൽ ഉറങ്ങാൻ പോയിട്ട് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥ.

ചിലർ സമീപത്തുള്ള വരാന്തയിലോ ഗ്രൗണ്ടിലോ ഇടം പിടിക്കും, അതും സൂര്യൻ ഉദിക്കുന്നതു വരെ മാത്രം അതു കഴിഞ്ഞാൻ ഉറക്കമില്ല. നിങ്ങൾ മുകളിൽ കണ്ട ചിത്രങ്ങൾ ഇവരിൽ ചിലരുടേതാണ്. രാവിലെ ഏഴു മണിക്ക് എത്തുന്ന ഒരു ജീവനക്കാരന് ബസ്റ്റാന്റിന്റെ സൈഡിലോ ഗ്രൗണ്ടിലോ ഉറങ്ങാൻ കഴിയുന്നത് 10 മണി വരെ ,കൂടിപ്പോയാൽ മൂന്നു മണിക്കൂർ.

“രാവിലെ ഞങ്ങൾ കിടന്നുറങ്ങുന്നത് ബസ്സ്റ്റോപ്പിന്റെ വാരാന്തയിലോ ഗ്രൗണ്ടിലോ ആണ്, ഗ്രൗണ്ടിലെ അവസ്ഥയാണെങ്കിൽ വളരെ പരിതാപകരമാണ്, ലോക്കല്‍സ് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതും അതേ ഗ്രൗണ്ടിലാണ്” പീനിയയിലേക്ക് സർവീസുള്ള ഒരു ബസ് ജീവനക്കാരൻ ബെംഗളൂരു വാർത്തയോട് പറഞ്ഞു.

ശാന്തിനഗറിലേയും സാറ്റലൈറ്റ് ബസ് സ്റ്റാന്റിലെയും കാര്യങ്ങൾ ഏകദേശം ഇതുപോലെ തന്നെയാണെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത്.

രാത്രി ഉറക്കമൊഴിച്ച് വാഹനമോടിച്ചു വരുന്ന ഒരു ഡ്രൈവർക്ക് വേണ്ടത്തെ ഉറക്കം പകൽ ലഭിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?

വ്യക്തി എന്ന നിലക്ക് ഒരു ജീവനക്കാരൻ വെറും രണ്ട് മണിക്കൂറിൽ കുറവ് മാത്രമാണ് ഒരു ദിവസം ഉറങ്ങുന്നതെങ്കിൽ അവന്റെ മാനസക-ശാരീരിക  ആരോഗ്യത്തെ എത്ര മോശമായി ബാധിക്കുമെന്ന കാര്യം നമ്മളാരും എടുത്തു പറയേണ്ടതില്ല.

മൂന്നു മണിക്കൂർ മാത്രം ഉറങ്ങിയ ഒരു ഡൈവർ 60 ഓളം ആളുകളെ കയറ്റി രാത്രിയിൽ ഒരു റൂട്ട് ഓടിച്ചു പോകുമ്പോൾ അതുണ്ടാക്കാവുന്ന ഏറ്റവും മോശമായ അവസ്ഥ ചിലപ്പോൾ 60 കുടുംബങ്ങളെ തന്നെ പ്രതികൂലമായി ബാധിച്ചെന്നിരിക്കും. 50-60 ആളുടെ ജീവൻ കയ്യിൽ വച്ചു കൊണ്ടാണ് വിശ്രമമില്ലാതെ പല കെ എസ് ആർ ടി സി ഡ്രൈവർമാരും രാത്രി നിങ്ങളെയും കൊണ്ട് ഓടിച്ച് പോകുന്നത്.

യാത്രക്കാരുടെ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കാവുന്ന ഈ വാര്‍ത്ത‍ നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടാകും,ഈ വാർത്ത യാത്രക്കാരൻ എന്ന നിലയിൽ നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടാവും എന്നാൽ ഉന്നതങ്ങളിൽ പരിലസിക്കുന്ന ” ഭൂമികുലുങ്ങിയാൽ പോലും കുലുങ്ങാത്ത “കേളൻമാർ ഇതൊന്നും കേൾക്കാൻ പോലും തയ്യാറല്ല.

“ഞങ്ങൾ ഇതുവരെ 3-4 പ്രാവശ്യം ചീഫ് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു, പക്ഷേ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല” പേരു പറയാൻ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരൻ പറഞ്ഞു.

ഇവിടെ പറഞ്ഞ  സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങൾ ഇവിടെ ചേർക്കുന്നു, 15 ഓളം കേരള ആർടിസി ബസുകൾ വരുന്ന പീനിയയിലെ അവസ്ഥ തികച്ചും പരിതാപകരമാണ്, മുൻപ് കർണാടക ആർ ടി സി വിശ്രമിക്കാനും മറ്റുമായി കേരള ആർ ടി സി ജീവനക്കാർക്ക് ഒരു മുറി അനുവദിച്ച് നൽകിയിരുന്നു, എന്നാൽ കുറെ കാലം ഉപയോഗിക്കാത്തതിനാലോ മറ്റോ ഇപ്പോൾ ആന്ധ്ര – തെലുങ്കാന ആർ ടി സി ജീവനക്കാർ അത് കൈവശപ്പെടുത്തിയിരിക്കുകയാണ്.

എന്തായാലും മുകളിൽ പറഞ്ഞ കേളൻമാരിൽ നിന്നും പ്രതീക്ഷ നഷ്ടപ്പെട്ട ജീവനക്കാർ നേരിട്ട് പീനിയയിലെ കർണാടക ആർ ടി സി യുടെ സ്റ്റേഷൻ ഇൻ ചാർജ്ജിനോട്, തങ്ങളുടെ പ്രശ്നങ്ങൾ വിശദീകരിക്കുകയുണ്ടായി. ചില രാഷ്ട്രീയക്കാർ പറയുന്നത് പോലെ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാമത്തെ മുഖ്യമന്ത്രി കൂടി സത്യപ്രതിജ്ഞ ചെയ്തിട്ടും കാര്യങ്ങള്‍” കുമ്പിളിൽ തന്നെ”.

നമ്മളെല്ലാരും ജനിച്ച അന്ന് മുതൽ കാണുന്നതാണ് കെ എസ് ആർ ടി യെ രക്ഷിക്കാൻ ഓരോ സമയത്തും ഇറങ്ങിപ്പുറപ്പെടുന്ന “അവതാരപ്പിറവികളെ”.ഒരോരുത്തർ വരുമ്പോഴും നമ്മൾ കരുതും ഇന്നോ നാളെയോ കെ എസ് ആര്‍ ടി സി രക്ഷപ്പെടുമെന്ന്.പലരും ചാര്‍ജെടുത്ത സമയത്ത് നെടു നീളന്‍ വാചകമടിയും നടത്താറുണ്ട്‌,കെ എസ് ആര്‍ ടി സിയെ രക്ഷിക്കലാണ് അവരുടെ ലക്‌ഷ്യം എന്ന്.

എന്നാല്‍  താഴെ തട്ടിലുള്ള ജീവനക്കാർ അനുഭവിക്കുന്ന യഥാർത്ഥപ്രശ്നങ്ങൾ മനസിലാക്കാൻ കഴിയാത്തവർ ഒന്നോ രണ്ടോ ദിവസം ജീവനക്കാരന്റെ വേഷമെടുത്തണിഞ്ഞ് പ്രച്ഛന്നവേഷധാരിയായതുകൊണ്ടൊന്നും കാര്യമില്ല എന്ന സത്യത്തിലേക്കാണ്‌ ഈ വിഷയവും കൈ ചൂണ്ടുന്നത്.

ഈ ലേഖനം ഞങ്ങൾ എഴുതുന്നത് കെ എസ് ആർ ടി സി എന്ന സ്ഥാപനത്തെ താഴ്ത്തിക്കെട്ടാനല്ല, ഓരോ മലയാളിയേയും പോലെ കെ എസ് ആർ ടി സി ഞങ്ങളുടെയും രക്തത്തിലലിഞ്ഞ വികാരമാണ്, എന്നാൽ ആ വികാരത്തിന് മജ്ജയും മാംസവും നൽകുന്ന ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോട് ഇതാണ്  ഭരണവര്‍ഗത്തിന്റെ പരിഗണന എങ്കില്‍,സാഹചര്യം വളരെ മോശമെന്ന് പരിതപിക്കാനെ കഴിയു.

ഇത് വായിക്കുന്ന ബെംഗളൂരുവിലെ മലയാളികളോട് ,ഇതില്‍ എന്തെങ്കിലും അസത്യമോ അർദ്ധ സത്യമോ  ഉണ്ടെന് തോന്നുകയാണെങ്കിൽ പീനിയ വരെ ഒന്നു പോകുക, ബസ്റ്റാന്റിൽ തറയിലുറങ്ങുന്ന ഒരാളെ വിളിച്ചുണർത്തുക അയാൾ ഒരു കെ എസ് ആർ ടി സി ജീവനക്കാരനായിരിക്കും.

ഇത് വായിക്കുന്ന ബെംഗളൂരു സന്നദ്ധ-രാഷ്ട്രീയസംഘടനകളുമായി പ്രവര്‍ത്തിക്കുന്നവരോട്  ഒരു അപേക്ഷ,നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ഈ വാര്‍ത്ത‍ അധികാരികളില്‍ എത്തിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us