ബംഗളുരു: കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമി ബുധനാഴ്‍ച സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേല്‍ക്കും. ആദ്യം സത്യപ്രതിജ്ഞ തിങ്കളാഴ്ചയായിരുന്നു തീരുമാനിച്ചതെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. തിങ്കളാഴ്‍ച രാജിവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ തീയതി മാറ്റാന്‍ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് തീയതി മാറ്റിയത്. ചൊവ്വാഴ്ച സ്പീക്കറെ തിരഞ്ഞെടുക്കും.
യെദ്യൂരപ്പ രാജി വെച്ചതിനു പിന്നാലെ, മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഗവർണറെ കണ്ടിരുന്നു. തന്നെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചതായും കുമാരസ്വാമി അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസത്തെ സമയമാണ് ഗവർണർ കുമാരസ്വാമിക്ക് അനുവദിച്ചത്. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ.
തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ കമല’ ഇപ്പോഴും തുടരുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. എന്നാൽ സ്ഥിരതയുള്ള സർക്കാർ ഉണ്ടാക്കുമെന്നും കുമാരസ്വാമി പറഞ്ഞു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞാചടങ്ങിന് മമതാ ബാനർജി, എംകെ സ്റ്റാലിൻ, മായാവതി, ചന്ദ്രശേഖർ റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ പ്രതിപക്ഷ ദേശീയ നേതാക്കളെയും കോൺഗ്രസും എസ്ജെഡിയും ക്ഷണിച്ചിട്ടുണ്ട്. ഇതോടെ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ കോൺഗ്രസും എസ്ജെഡിയും തുടങ്ങിവച്ച വകുപ്പ് വിഭജനം ഉൾപ്പെടെ മന്ത്രിസഭാ രൂപീകരണ ചർച്ചകളും പുനരാരംഭിച്ചു.
സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് രണ്ടുദിവസം മുമ്പുമാത്രം സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ രാജിക്ക് നിര്‍ബന്ധിതനായത്. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ഭൂരിപക്ഷം ഉറപ്പായില്ലെങ്കില്‍ മാന്യമായി രാജിവയ്ക്കണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യെദ്യൂരപ്പയ്ക്കും കര്‍ണാടക ഘടകത്തിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. വികാരാധീനനായിസഭയില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണു യെദ്യൂരപ്പ രാജിപ്രഖ്യാപിച്ചത്.