ബെംഗളൂരു : കർണാടകയിൽ ഒരിക്കൽകൂടി റിസോർട്ട് രാഷ്ട്രീയം ചൂടുപിടിക്കവേ, എംഎൽഎമാരെയും കൊണ്ട് റിസോർട്ടുകളിലേക്കു പായുന്ന ശർമ ട്രാൻസ്പോർട്സും വാർത്തകളിൽ നിറയുന്നു. ചാർട്ടേഡ് വിമാനത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നു ബെംഗളൂരുവിലെ റിസോർട്ടിൽ നിന്ന് കോൺഗ്രസ്–ദൾ എംഎൽഎമാരെ ശർമയുടെ ബസിലാണ് ഹൈദരാബാദിൽ എത്തിച്ചത്. അന്തരിച്ച കോൺഗ്രസ് നേതാവ് ധൻരാജ് പരസ്മൽ ശർമയുടെ ഉടമസ്ഥതയിലുള്ള ശർമ ട്രാൻസ്പോർട്സിനെ പാർട്ടി ഈ ദൗത്യം ഏൽപിച്ചത് ഒരു പതിറ്റാണ്ടോളമായുള്ള അടുപ്പം മുൻനിർത്തിയാണ്.
രാജസ്ഥാൻ സ്വദേശിയായ പരസ്മൽ ശർമ അറുപതുകളിലാണ് കമ്പനി ആരംഭിച്ചത്. പിന്നീട് കോൺഗ്രസിൽ സജീവമായ ശർമ 1998ൽ ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ പാർട്ടി സീറ്റിൽ മൽസരിച്ചെങ്കിലും ഇപ്പോഴത്തെ കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറിനോട് പരാജയപ്പെട്ടു. 2001ൽ ശർമയുടെ മരണത്തിനു ശേഷം ട്രാവൽസിന്റെ ചുമതല ഏറ്റെടുത്ത മകൻ സുനിൽകുമാർ ശർമ പാർട്ടിയോടുള്ള വിശ്വാസ്യത തുടർന്നു പോന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നൂറുകണക്കിനു സർവീസുകൾ നടത്തുന്ന ശർമ ട്രാവൽസിനു ബെംഗളൂരുവിൽ നിന്നു മുംബൈ, പുണെ, അഹമ്മദാബാദ്, കൊച്ചി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലേക്കെല്ലാം ബസ് സർവീസുകളുണ്ട്.