ബെംഗളൂരു : കന്നഡ മണ്ണ് ചുവപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല എന്ന് ഇടതുകക്ഷികൾക്ക് വീണ്ടും മനസ്സിലായി. മൽസരിച്ച 17 സീറ്റുകളിൽ ചിക്കബെല്ലാപുര ജില്ലയിലെ ബാഗേപ്പള്ളി മണ്ഡലത്തിൽ രണ്ടാംസ്ഥാനം നിലനിർത്തിയതാണ് സിപിഎമ്മിന്റെ ഏക നേട്ടം. 0.2 ശതമാനമാണ് സിപിഎമ്മിന്റെ വോട്ട് വിഹിതം. സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായ ജി.വി.ശ്രീരാമ റെഡ്ഡി ബാഗേപ്പള്ളി മണ്ഡലത്തിൽ ജെഡിഎസിനെയും ബിജെപിയെയും പിന്നിലാക്കിയാണ് രണ്ടാമതെത്തിയത്.
1994ലും 2004ലും ഇതേ മണ്ഡലത്തിൽനിന്ന് വിജയിച്ച ശ്രീരാമറെഡ്ഡി തുടർച്ചയായ മൂന്നാംതവണയാണ് രണ്ടാംസ്ഥാനത്തെത്തുന്നത്. 14013 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ എസ്.എൻ.സുബറെഡ്ഡി ഇത്തവണ വിജയിച്ചത്. സുബറെഡ്ഡിക്ക് 65710 വോട്ടുകൾ ലഭിച്ചപ്പോൾ ശ്രീരാമറെഡ്ഡിക്ക് 51697 വോട്ടുകൾ ലഭിച്ചു. ജെഡിഎസ് ടിക്കറ്റിൽ മൽസരിച്ച ഡോ.സി.ആർ.മനോഹറിന് 38302 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥിയും കന്നഡ ചലച്ചിത്രതാരവുമായ പി.സായ്കുമാറിന് 4140 വോട്ടുകൾ നേടി നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. ബാഗെപള്ളിയിൽ കർഷക തൊഴിലാളികളുടെ വോട്ടുകളാണ് സിപിഎമ്മിനെ തുണച്ചത്.
മംഗളൂരു സിറ്റി നോർത്തിൽ മൽസരിച്ച ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് കൂടിയായ മുനീർ കാട്ടിപ്പള്ള 2472 വോട്ടുകൾ നേടി മൂന്നാമതെത്തി. ബിബിഎംപി പരിധിയിലെ കെആർ പുരം മണ്ഡലത്തിൽ 359 വോട്ടുകൾ മാത്രം നേടിയ എച്ച്.എൻ.ഗോപാലഗൗഡയ്ക്ക് ആറാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. കേരളത്തിൽനിന്ന് എം.ബി. രാജേഷ് എംപിയും എം.സ്വരാജ് എംഎൽഎയും ഗോപാലഗൗഡയ്ക്കായി പ്രചാരണത്തിനെത്തിയെങ്കിലും ഇതൊന്നും വോട്ടായില്ല.
ദാസറഹള്ളിയിൽ എൻ.പ്രതാപ് സിൻഹ 993 വോട്ടും കെജിഎഫിൽ പി.തങ്കരാജ് 1746 വോട്ടും മൂടബിദ്രിയിൽ കെ.യാദവ ഷെട്ടി 1114 വോട്ടും, മംഗളൂരുവിൽ നിതിൻകുമാർ 2372ഉം റോണിൽ മല്ലികാർജുൻ ഹാഡ്പാട് 1177 വോട്ടും നേടി. സിപിഐ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് മൽസരിച്ചത്. ബെള്ളാരി ജില്ലയിലെ കുഡ്ഗിലിയിൽ എച്ച്.വീരണ്ണ 3414 വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തും തുമക്കൂരുവിലെ സിറയിൽ 967 വോട്ട് നേടി ഗിരീഷ് ആറാം സ്ഥാനത്തുമെത്തി. 219 സീറ്റുകളിൽ സിപിഐ കോൺഗ്രസിന് പിന്തുണ നൽകിയിരുന്നു. 1983ലെ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ നേടിയ ഇടതുപാർട്ടികൾക്ക് ഈ മികവ് പിന്നെ നിലനിർത്താൻ കഴിഞ്ഞിട്ടില്ല. ബെംഗളൂരുവിലെ മല്ലേശ്വരം, രാജാജിനഗർ, കോലാറിലെ കെജിഎഫ് മണ്ഡലങ്ങൾ ഒരു കാലത്ത് ഇടത്പാർട്ടികളുടെ കോട്ടയായാണ് അറിയപ്പെട്ടിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.