ബെംഗളൂരു :അധിക സമയം പ്രവർത്തിക്കുക, കണക്കിൽപ്പെടാത്തത്ര മദ്യം സൂക്ഷിക്കുക, യഥാർഥ വില പ്രദർശിപ്പിക്കാതിരിക്കുക, കണക്കുകളിൽ കൃത്രിമം, മോശം അടുക്കള, ശുചിമുറികളുടെ അഭാവം, അമിതവില ഈടാക്കൽ തുടങ്ങിയ വീഴ്ചകളുടെ പേരില്‍ നടപടിഎടുത്ത, പെരുമാറ്റച്ചട്ടം ലംഘിച്ച എണ്ണൂറോളം മദ്യവിൽപനശാലകളുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയത് എക്സൈസ് വകുപ്പ് പുനഃപരിശോധിക്കും.
പൂട്ടിയ മദ്യശാലകളിൽ ഗുരുതര വീഴ്ചകൾ നടത്താത്തവയുടെ ലൈസൻസ് പുനഃസ്ഥാപിക്കുമെന്ന് വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ബെംഗളൂരുവിലെ 303 എണ്ണം ഉൾപ്പെടെ സംസ്ഥാനത്താകെ 752 മദ്യശാലകളുടെ ലൈസൻസ് ആണ് തിരഞ്ഞെടുപ്പ് കഴിയുംവരെ സസ്പെൻഡ് ചെയ്തത്.
ബാർ, എംആർപി ഷോപ്പ്, പബ് ഉൾപ്പെടെയാണിത്. . എന്നാൽ തിരഞ്ഞെടുപ്പിന്റെ പേരിൽ അധികൃതർ തങ്ങൾക്കെതിരെ അനാവശ്യമായി നടപടി സ്വീകരിക്കുകയാണെന്നു മദ്യവ്യവസായികൾ ആരോപിച്ചിരുന്നു. തുടർന്നു പ്രശ്നത്തിൽ ഇടപെട്ട തിരഞ്ഞെടുപ്പ് ഓഫിസർ, വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം ഉപയോഗിക്കുന്ന കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.