ബെംഗളൂരു : ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ യുവതിയെ കബളിപ്പിച്ച് ഏഴര ലക്ഷം രൂപ തട്ടിയതായി പരാതി. കുമാരസ്വാമി ലേഔട്ടിലെ താമസക്കാരിയായ യുവതിയാണ് വിദേശിയെന്നു പരിചയപ്പെടുത്തിയ വില്ല്യംസ് മോർഗനുമായി സൗഹൃദത്തിലായത്. ഇരുവരും വാട്സാപ് നമ്പരുകളും കൈമാറി. യുവതിയുടെ വിശ്വാസം സ്ഥാപിച്ചെടുത്ത ഇയാൾ മുപ്പതിനായിരം പൗണ്ട് (ഏകദേശം 28 ലക്ഷം രൂപ) വിലയുള്ള സമ്മാനം അയച്ചതായി വിശ്വസിപ്പിച്ചു.
തുടർന്ന് ഡൽഹി കസ്റ്റംസ് ഓഫിസിൽ നിന്നെന്ന വ്യാജേന ഒരു സ്ത്രീ ഫോണിൽ ബന്ധപ്പെട്ടു. വിലകൂടിയ സമ്മാനം എത്തിയിട്ടുണ്ടെന്നും ഏഴര ലക്ഷം രൂപ നികുതിയടച്ചാലേ സമ്മാനം വിട്ടുകിട്ടുകയുള്ളൂ എന്നും അറിയിച്ചു. തുടർന്ന് ഇവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്കു യുവതി പണം നിക്ഷേപിച്ചു. എന്നാൽ ദിവസങ്ങൾ കാത്തിരുന്നിട്ടും സമ്മാനം കിട്ടിയില്ലെന്നു യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മോർഗനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സൈബർ ക്രൈം പൊലീസ് കേസെടുത്തു.