ബെംഗളൂരു : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ഇതുവരെ പിടികൂടിയത് 13.33 കോടി രൂപയും സ്വർണം, മദ്യം എന്നിവ ഉൾപ്പെടെ 13.06 കോടിയുടെ സമ്മാനങ്ങളും. കഴിഞ്ഞ ഒരു ദിവസം മാത്രം ഫ്ലൈയിങ് സ്ക്വാഡ് 23 കേസ് റജിസ്റ്റർ ചെയ്തതായും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ അറിയിച്ചു. ഫ്ലൈയിങ് സ്ക്വാഡ് ആകെ 268 കേസുകളാണ് റജിസ്റ്റർ ചെയ്തത്. വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ, എൽഇഡി സ്ക്രീനുകൾ, കുക്കർ, മിക്സി, ലാപ്ടോപ്, മൊബൈൽ, തയ്യൽ മെഷീൻ, കഞ്ചാവ്, മദ്യം, സ്വർണാഭരണങ്ങൾ എന്നിവയും പിടിച്ചെടുത്ത വസ്തുക്കളിൽപ്പെടും.
9637 ലീറ്റർ വിദേശ മദ്യം ഉൾപ്പെടെ 54.5 ലക്ഷം രൂപയ്ക്കുള്ള മദ്യം പിടിച്ചെടുത്തു. 1156 ഫ്ലൈയിങ് സ്ക്വാഡും 1255 നിരീക്ഷണ സംഘങ്ങളുമാണ് പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കാൻ രംഗത്തുള്ളത്. പോസ്റ്റർ, ചുവരെഴുത്ത് തുടങ്ങി മറ്റു ചട്ടലംഘനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു തുടങ്ങി. വിവിധ പാർട്ടികൾക്കുവേണ്ടി പൊതുസ്ഥലത്തു പതിച്ച 17693 പോസ്റ്ററുകളും 771 ബാനറുകളും 12537 ചുവരെഴുത്തും നീക്കം .ചെയ്തു. ഇതു സംബന്ധിച്ച് ആറു കേസ് റജിസ്റ്റർ ചെയ്തു.