ബെംഗളൂരു : ത്രില്ലർ സിനിമകളെ അനുകരിച്ചു ജ്വല്ലറികളിൽ കവർച്ച പതിവാക്കിയ നാലംഗസംഘം പിടിയിൽ. ഇവരിൽനിന്നു 43 കിലോ സ്വർണവും രണ്ടു കാറും ഒരുകോടി രൂപയ്ക്കുള്ള മറ്റ് മോഷണമുതലുകളും പൊലീസ് കണ്ടെടുത്തു. സാമ്രാട്ട് ശിവമൂർത്തി(ശിവു), സഹോദരൻ ശങ്കർ, കൂട്ടാളികളായ നിവേഷ് കുമാർ, ജഗദീഷ് എന്നിവരാണ് പിടിയിലായത്. റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ നഷ്ടം സംഭവിച്ചതിനെ തുടർന്നാണ് ശിവമൂർത്തിയും ശങ്കറും ജ്വല്ലറി ഷോറൂമുകളിൽ കവർച്ച നടത്താൻ തീരുമാനിച്ചതെന്നു സിറ്റി പൊലീസ് കമ്മിഷണർ സുനീൽ കുമാർ പറഞ്ഞു.
ഹോളിവുഡ് ക്രൈം സിനിമകളിൽ നിന്നുള്ള ആശയം ഉൾക്കൊണ്ട് ശിവമൂർത്തിയാണ് കവർച്ച ആസൂത്രണം ചെയ്തിരുന്നത്. പലതവണ പൊലീസ് പിടിയിൽനിന്നു വഴുതിപ്പോയ ഇവർ നഗരത്തിലെ നാലു ജ്വല്ലറി കവർച്ചക്കേസുകളിൽ പ്രതികളാണ്. കഴിഞ്ഞമാസം 19നു സുബ്രഹ്മണ്യനഗറിൽ ചെമ്മണ്ണൂർ ജ്വല്ലറിയിൽ നടന്ന കവർച്ചയാണ് ഇതിൽ ഒടുവിലത്തേത്. അവിടെനിന്നു ലഭിച്ച സിസി ക്യാമറാ ദൃശ്യങ്ങളാണ് കവർച്ചക്കാരെ പിടികൂടാൻ സഹായിച്ചത്.