തേനി: കുരങ്ങിണിമലയില്‍ കാട്ടുതീയില്‍ പെട്ട് പതിനൊന്ന് പേര് മരിക്കാനിടയായ സംഭവത്തില്‍ ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ആസ്ഥാനമായ ക്ലബിനെതിരെ അന്വേഷണം. സംഘത്തെ നയിച്ച ഗൈഡിനു പുറമെ ക്ലബിന്റെ സ്ഥാപകനായ വിദേശിയെയും പിടികൂടാനുള്ള നടപടികള്‍ തുടരുകയാണ്.
ട്രെക്കിങ് സംഘം മൂന്നാര്‍ വഴി കൊളുക്കുമലയില്‍ എത്തിയത് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. മാത്രമല്ല, കൃത്യവിലോപം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്.
വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈ ട്രെക്കിങ് ക്ലബാണ് 26 പേരടങ്ങുന്ന വനിതാ സംഘത്തെ കുരങ്ങിണിയിലെത്തിച്ചത്. ക്ലബിലെ അംഗമായ രാജേഷ് ഇവര്‍ക്ക് വഴികാട്ടി. എന്നാല്‍ ദുരന്തത്തിനു ശേഷം രാജേഷിനെ കണ്ടിട്ടില്ല. ഇയാള്‍ക്കു പുറമെ ക്ലബിന്റെ സ്ഥാപകന്‍ പീറ്റര്‍ വാന്‍ ഗെയ്നെയും ചോദ്യം ചെയ്യാനാണു തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയും ഇതിലൂടെ വ്യക്തമാകും.
അപകടത്തില്‍പ്പെട്ട 39 സഞ്ചാരികളില്‍ 12 പേര് കുരങ്ങിണിയിലെത്തിയത് സൂര്യനെല്ലി വഴി കൊളുക്കുമല താണ്ടിയാണ്. നേരത്തെ നിരവധി സഞ്ചരികള്‍ക്കു പരുക്കേറ്റതിനാല്‍ ഇതുവഴിയുള്ള ട്രെക്കിങ് നിരോധിച്ചിരുന്നു. ഏതാനം മാസം മുമ്പാണ് ദുര്‍ഘടമായ ഈ പാത ട്രെക്കിങ്ങിനായി തുറന്നുകൊടുത്തത്.
മൂന്നു ദിവസത്തിലേറെയായി പ്രദേശത്തു കാട്ടുതീ പടരുന്ന വിവരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നു. വേണ്ട ജാഗ്രത പുലര്‍ത്താതെ സംഘത്തെ വനത്തില്‍ പ്രവേശിപ്പിച്ചതാണു ദുരന്തത്തിനു വഴിയൊരുക്കിയത്. മൂന്നാറിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ തുല്യ പങ്കുണ്ടെന്നാണു വിലയിരുത്തല്‍.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ച ശേഷമാണ് തമിഴ്നാട് സര്‍ക്കാര്‍ സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചത്. കാട്ടുതീ പടര്‍ന്നതും ഭീതിജനകമായ സാഹചര്യത്തില്‍ ട്രെക്കിങ്ങിനായി സംഘം വനത്തില്‍ പ്രവേശിച്ചതുമാണ് മുഖ്യ അന്വേഷണ വിഷയം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.