ബെംഗളൂരു: ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെയും ഇലക്ട്രോണിക് സിറ്റിയെയും കൂട്ടിയിണക്കിയുള്ള തുമ്പി ഏവിയേഷന്റെ ഹെലികോപ്റ്റർ ടാക്സി സർവീസിന് തുടക്കമായി. ഒരു സീറ്റ് മാത്രം ബുക് ചെയ്യാൻ അവസരമൊരുക്കുന്ന ഹെലി ടാക്സി സർവീസ് ഏഷ്യയിൽ തന്നെ ആദ്യമാണെന്ന് തിരുവനന്തപുരം ആസ്ഥാനമായുള്ള തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ കെ.എൻ.ജി. നായർ പറഞ്ഞു.
ഇതുവരെ ഒരു ഹെലികോപ്റ്റർ മൊത്തമായി വാടകയ്ക്ക് എടുക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നുള്ളൂ. ഇരു ദിശകളിലേക്കുമായി ഒൻപതു സർവീസുകളാണ് ഇന്നലെ നടന്നത്. ടിക്കറ്റ് ചാർജായി 3500 രൂപയും ജിഎസ്ടി ഉൾപ്പെടെ 4130 രൂപയുമാണ് ഒരു സീറ്റിന് ഈടാക്കിയത്. തിരക്കില്ലാത്ത നേരങ്ങളിൽ പോലും റോഡ് മാർഗം രണ്ടു മണിക്കൂറിലേറെ വേണ്ടിവരുന്ന ദൂരം താണ്ടാൻ ഹെലി ടാക്സിയെ ആശ്രയിച്ചാൽ 15 മിനിറ്റ് മാത്രമേ വേണ്ടൂ.
2017 ഓഗസ്റ്റിൽ കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ഹെലി ടാക്സി സർവീസിന്റെ ഒൗദ്യോഗിക ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും ഇന്നലെ മുതൽക്കാണ് പൂർണതോതിൽ സർവീസ് ആരംഭിച്ചത്. ആറു സീറ്റുകൾ വീതമുള്ള രണ്ടു ബെൽ 407 ഹെലികോപ്റ്ററുകൾ രാവിലെ 6.30-9.30, ഉച്ചയ്ക്ക് 3.00-615 എന്നിങ്ങനെ രണ്ടു സമയ ക്രമങ്ങളിലാണ് സർവീസ് നടത്തുന്നത്.
ദേവനഹള്ളി വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രോണിക് സിറ്റി ഫെയ്സ് ഒന്നിൽ ഒരുക്കിയിരിക്കുന്ന ഹെലിപ്പാഡിലേക്കും തിരിച്ചുമാണ് സർവീസ്. 15 കിലോഗ്രാം ലഗേജ് അനുവദിക്കും. പ്ലേസ്റ്റോറിൽ നിന്ന് helitaxii എന്ന ആപ് ഡൗൺലോഡ് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.