ബെംഗളൂരു : മറുനാട്ടിൽ വളരുന്ന കുട്ടികൾക്ക് ആഘോഷമായി കേരള സർക്കാർ മലയാളം മിഷന്റെ കണിക്കൊന്ന പരീക്ഷ. ബെംഗളൂരുവിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലൂടെ മാതൃഭാഷയുടെ മധുരമറിഞ്ഞ അഞ്ഞൂറോളം കുരുന്നുകളാണ് ഇന്ദിരാനഗർ കെഎൻഇ സ്കൂളിൽ നടന്ന പരീക്ഷയിൽ പങ്കെടുത്തത്.
പരീക്ഷപ്പേടി തീരെയില്ലാതെ നാടൻ പാട്ടുകളുടെയും മറ്റും അകമ്പടിയോടെ ഉൽസവാന്തരീക്ഷത്തിൽ നടന്ന കണിക്കൊന്നയിൽ രക്ഷിതാക്കളും അധ്യാപകരും മലയാളം മിഷൻ പ്രവർത്തകരും ഉൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു. പാട്ടും കളികളുമായി നടന്ന പരീക്ഷോൽസവം കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.
20 പേർ വീതമുള്ള ഇരുപത്തഞ്ചോളം ചെറു ഗ്രൂപ്പുകളായി തിരിച്ച്, രണ്ടുവീതം അധ്യാപകരുടെ മേൽനോട്ടത്തിലാണ് കുട്ടികളുടെ നാളിതു വരെയുള്ള പഠന മികവ് കളികളിലൂടെയും മറ്റുമായി വിലയിരുത്തിയത്. മലയാളം മിഷൻ കർണാടക കോ-ഓർഡിനേറ്റർ ബിലു സി.നാരായണൻ, സർക്കാർ പ്രതിനിധി എം.ടി.ശശി, അഡ്ഹോക് സമിതി അംഗങ്ങളായ ദാമോദരൻ, കുഞ്ഞപ്പൻ, ഗോപിനാഥ്, റോയ് ജോയ്, ടോമി, റജികുമാർ, ക്ലസ്റ്റർ ഭാരവാഹികളായ അനൂപ്, കൗശിക്, അനീസ്, അധ്യാപകൻ തങ്കച്ചൻ പന്തളം, കെഎൻഇ സ്കൂൾ സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവർ നേതൃത്വം നൽകി. മൈസൂരുവിൽ നടന്ന കണിക്കൊന്ന പരീക്ഷോൽസവത്തിനു ജെ്സൻ, ഷാഹിന എന്നിവർ നേതൃത്വം നൽകി.