തടാകങ്ങൾ നശിക്കുന്നത് കയ്യും കെട്ടി നോക്കി നിന്ന സർക്കാർ സംവിധാനങ്ങൾ ഇനി ഡ്രോണും പ്രഹരി വാനും ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നു.

ബെംഗളൂരു : ബെലന്തൂർ തടാകത്തിൽ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). സമീപകാലത്തുണ്ടായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിലാണ് ബിബിഎംപി നടപടി. രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ് ബെലന്തൂർ തടാകത്തിൽ തീപിടിത്തമുണ്ടായത്. രണ്ടു തീപിടിത്തങ്ങളുടെ പിന്നിലും കൃത്യമായ ആസൂത്രണമുണ്ടെന്ന സംശയം ഉയർന്നതിനാൽ ഡ്രോൺ ക്യാമറകൾക്കു പുറമെ തടാക പരിസരത്തു പട്രോളിങ്ങിനായി പ്രത്യേക വാഹനവും ഏർപ്പെടുത്തും. ഡ്രോണുകൾ ഉപയോഗിച്ച് ദിവസേന രണ്ടുതവണ നിരീക്ഷണം നടത്തും.

പട്രോളിങ്ങിനായി ബിബിഎംപിയുടെ ‘പ്രഹരി വാൻ’ ഉപയോഗിക്കും. ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് പ്രഹരി വാനിലുണ്ടാവുക. തടാക പരിസരത്തേക്ക് അതിക്രമിച്ചു കടക്കുന്നവർക്കും മാലിന്യം തള്ളുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കും. ഡ്രോൺ ഓപറേറ്റർമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമായി തടാകത്തിനു സമീപം കൺട്രോൾ റൂം തുറക്കും.

കഴിഞ്ഞമാസം 19നുണ്ടായ വൻ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിശമന സേനക്കൊപ്പം അയ്യായിരത്തോളം സൈനികരും ഇറങ്ങിയിരുന്നു. ഈ മാസം ഒന്നിനായിരുന്നു രണ്ടാമത്തെ തീപിടിത്തം. തടാകത്തിലെ അഗ്നിബാധ സംബന്ധിച്ച കേസ് ദേശീയ ഹരിത ട്രൈബ്യൂണൽ(എൻജിടി) ഈ മാസം 28നു വീണ്ടും പരിഗണിക്കാനിരിക്കെയാണു രണ്ടാമതും തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം ഇവിടം സന്ദർശിച്ച ബെംഗളൂരു വികസന മന്ത്രി കെ.ജെ.ജോർജ്, തടാകത്തിന് ആരോ മനഃപൂർവം തീയിട്ടതാണെന്നു സംശയം പ്രകടിപ്പിച്ചിരുന്നു.

തടാകത്തോടു ചേർന്നുള്ള പുല്ലിലാണ് തീപിടിത്തം ഉണ്ടായതെന്നത് സംശയം ബലപ്പെടുത്തുന്നുവെന്നും, ട്രൈബ്യൂണൽ കേസ് പരിഗണിക്കുന്നതിനു മുൻപു തീപിടിത്തം ഉണ്ടായതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതേതുടർന്നാണ് തടാക പരിസരത്തു നിരീക്ഷണം ശക്തമാക്കാൻ ബിബിഎംപി ജോയിന്റ് കമ്മിഷണർ സർഫറാസ് ഖാന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us