തുള്ളൽ കലയെ ജനകീയമാക്കിയ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ (58) അന്തരിച്ചു. അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ തുള്ളൽ അവതിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
എട്ടാമത്തെ വയസില്‍ പിതാവില്‍ നിന്നാണ് തുള്ളല്‍കച്ച സ്വീകരിച്ചത്. ചിലങ്കയണിഞ്ഞ്, കിരീടം വെച്ച് 1969ല്‍ ആ മക്കാവ് ദേവീക്ഷേത്ര തിരുമുറ്റത്തായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പാരീസ്, മസ്‌ക്കറ്റ്, ഖത്തര്‍, യു.എ.ഇ (ദുബായ്, അബുദാബി, ഷാര്‍ജ, അലൈന്‍, റാസല്‍ഖൈമ), ബഹറിന്‍ എന്നീ വിദേശ രാജ്യങ്ങളിലും 5000ത്തിലധികം സ്വദേശ വേദികളിലും തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പടെ 12 ഓളം പ്രശസ്‍ത അവാര്‍ഡുകള്‍ കരസ്ഥമാക്കി. കലാമണ്ഡലം തുള്ളല്‍ വിഭാഗം മേധാവി പദവിയിൽ നിന്നു 2017 മാർച്ചിലാണ് വിരമിച്ചത്. അഭിനേതാവ് എന്നതിനേക്കാൾ പ്രശസ്‍തനായ തുള്ളൽ കലാകാരൻ എന്ന് കലാലോകം തിരിച്ചറിയുന്ന വ്യക്തി.
അച്ഛനും ഗുരുവുമായ മഠത്തിൽ പുഷ്‍പവത്ത് കേശവൻ നമ്പീശൻ പ്രശസ്തനായ തുള്ളൽ കലാകാരനായിരുന്നു. തുള്ളൽ കലയിൽ നിന്ന് ദാരിദ്ര്യം മാത്രം സമ്പാദ്യമായുണ്ടായിരുന്ന കേശവൻ നമ്പീശൻ, മകനെ തുള്ളൽ പഠിപ്പിക്കുവാൻ ആദ്യം വിസമ്മതിച്ചു, പക്ഷേ ഗീതാനന്ദന്റെ വാശിയിൽ അച്ഛൻ തന്നെ തുള്ളലിന്റെ ആദ്യ പാഠങ്ങൾ ഗീതാനന്ദനു പറഞ്ഞു കൊടുത്തു. അമ്പലത്തിൽ കഴകം ജോലി ചെയ്തിരുന്ന അദ്ദേഹത്തെ അച്ഛനാണ് 1974ൽ കലാമണ്ഡലത്തിൽ ചേർത്തത്. 1983 മുതൽ കലാമണ്ഡലത്തിൽ അധ്യാപകനായി ജോലിക്കു ചേർന്നു. തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലും നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ തുള്ളൽ അവതരിപ്പിക്കാതെ കടന്നു പോകുന്ന ഒരു സംസ്ഥാന കലോത്സവവും ഇല്ല എന്ന് തന്നെ പറയാം. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. ‘തൂവൽ കൊട്ടാരം’, ‘മനസ്സിനക്കരെ’, ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ തുടങ്ങി നിരവധി 32 സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഇത് വരെ രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളൽ വേദികൾ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ജീവിതം തുള്ളൽ എന്ന കലയ്‍ക്കായി ഉഴിഞ്ഞു വച്ചതാണ്.
ഭാര്യ: ശോഭ ഗീതാനന്ദൻ, മക്കൾ – സനൽ കുമാർ, ശ്രീലക്ഷ്മി. പ്രശസ്തനായ കഥകളിയാചാര്യൻ നീലകണ്ഠൻ നമ്പീശൻ അമ്മാവനാണ്, ജ്യേഷ്ഠൻ കലാമണ്ഡലം വാസുദേവൻ പ്രശസ്‍തനായ മൃദംഗം വിദ്വാൻ.