ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസ് ഉടൻ ആരംഭിക്കും. വിമാനത്താവളത്തിൽ ഹെലിപ്പാഡിന്റെ നിർമാണം പൂർത്തിയായതായി പദ്ധതി നടപ്പാക്കുന്ന തുമ്പി ഏവിയേഷൻസ് അറിയിച്ചു. ആദ്യഘട്ടം ഹെലി ടാക്സി ലഭ്യമാകുന്ന ഇലക്ട്രോണിക് സിറ്റിയിൽ ഹെലിപാഡ് നിർമാണം ഉടൻ തുടങ്ങും. ഇത് പൂർത്തിയായാലുടൻ സർവീസ് തുടങ്ങുകയാണു ലക്ഷ്യം.
തീയതി ഈമാസം അവസാനത്തോടെ പ്രഖ്യാപിക്കുമത്രേ. ഹെലി–ടാക്സി നിരക്കുകളും ഇതോടെ വ്യക്തമാകും. മലയാളി ഉടമസ്ഥതയിലുള്ള തുമ്പി ഏവിയേഷൻ കഴിഞ്ഞ ഓഗസ്റ്റിലാണു വിമാനത്താവളത്തിൽ നിന്നുള്ള ഹെലി–ടാക്സി സർവീസ് പദ്ധതി പ്രഖ്യാപിച്ചത്. റോഡിലെ വൻഗതാഗതക്കുരുക്കിൽ പെടാതെ മിനിറ്റുകൾകൊണ്ട് വിമാനത്താവളത്തിലേക്കോ തിരിച്ചോ ഹെലി–ടാക്സിയിൽ പറന്നെത്താം. എസി കാറുകളിലെ യാത്രക്കൂലിയോട് കിടപിടിക്കും വിധമാകും ഹെലി–ടാക്സി നിരക്ക് നിശ്ചയിക്കുക.
വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രോണിക് സിറ്റി വരെ 2500 രൂപയാണു ശരാശരി ടാക്സിക്കൂലി. ഗതാഗതക്കുരുക്ക് അനുസരിച്ച് കുറഞ്ഞത് രണ്ടുമണിക്കൂറാണു യാത്രാസമയം. ഇതേ യാത്രയ്ക്കു 15 മിനിറ്റാണ് ഹെലി–ടാക്സിയെടുക്കുക. 13 പേർക്കു സഞ്ചരിക്കാവുന്ന ബെൽ 412, അഞ്ചുപേർക്കു സഞ്ചരിക്കാവുന്ന ബെൽ 407 ഹെലികോപ്റ്ററുകളാണ് സർവീസിന് ഉപയോഗിക്കുക. എച്ച്എഎൽ, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലേക്കും ഭാവിയിൽ ഹെലി–ടാക്സി സർവീസ് തുടങ്ങാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.