നിയമം കർശനമാക്കാൻ ഒരുങ്ങി ബെംഗളൂരു പോലീസ്;ഐ എസ് ഐ മുദ്രയില്ലാത്ത ഹെൽമെറ്റുകൾ നിയമവിരുദ്ധം, പിഴയൊടുക്കേണ്ടി വരും.

ബെംഗളൂരു ∙ ബൈക്ക് യാത്രികർക്ക് അടുത്തമാസം ഒന്നുമുതൽ ഐഎസ്ഐ ഗുണനിലവാരമുള്ള ഹെൽമറ്റുകൾ നിർബന്ധമാക്കും. മുഖം മുഴുവനായും മറയ്ക്കാത്ത ഗുണനിലവാരം കുറഞ്ഞ ഹെൽമറ്റ് ധരിക്കുന്നവർ ഇനിമുതൽ ബിഐഎസ് മുദ്രയുള്ള ഹെൽമറ്റ് ഉപയോഗിക്കണമെന്ന് അഡിഷനൽ കമ്മിഷണർ (ട്രാഫിക്) ആർ. ഹിതേന്ദ്ര നിർദേശിച്ചു.

പൊലീസ് ഉദ്യോഗസ്ഥർക്കും നിയമം ബാധകമാണ്. ഇതു ലംഘിക്കുന്ന ഉദ്യോഗസ്ഥരിൽനിന്നു പിഴ ഈടാക്കുന്നതിനു പുറമെ അച്ചടക്ക നടപടിയും സ്വീകരിക്കും. ബെംഗളൂരുവിൽ ബൈക്കിലെ പിൻയാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി വർഷങ്ങളായെങ്കിലും വില കുറഞ്ഞതും ഗുണനിലവാരം കുറഞ്ഞതുമായ ഹെൽമറ്റുകളുടെ ഉപയോഗം വ്യാപകമാണ്.

അപകടം ഉണ്ടാകുമ്പോൾ ഇത്തരം ഹെൽമറ്റുകൾ വേണ്ടത്ര സുരക്ഷ നൽകില്ല. വിലക്കുറവും കൊണ്ടുനടക്കാനുള്ള സൗകര്യവുമാണ് ഇത്തരം ഹെൽമറ്റ് വാങ്ങാൻ ബൈക്ക് യാത്രികരെ പ്രേരിപ്പിക്കുന്നത്. എന്നാൽ അടുത്തമാസം മുതൽ ഐഎസ്ഐ നിലവാരമില്ലാത്ത ഹെൽമറ്റുമായി പിടിയിലാകുന്നവരിൽ നിന്നു പിഴയീടാക്കും. തെറ്റ് ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കും.

പുതിയ ഹെൽമറ്റുമായി വന്നാലേ വാഹനം വിട്ടുനൽകൂ. ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ വിൽക്കുന്നവർക്കെതിരെയും പൊലീസ് നടപടി സ്വീകരിക്കും. ഇത്തരം കടകളിലും ഇവ നിർമിക്കുന്ന ഫാക്ടറികളിലും പരിശോധന നടത്താൻ ഉദ്ദേശിക്കുന്നതായി ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ബസവരാജ് പറഞ്ഞു.

കഴിഞ്ഞാഴ്ച മൈസൂരുവിലും ഇത്തരം ഹെൽമറ്റുകൾക്കെതിരെ വ്യാപക പരിശോധന നടത്തിയിരുന്നു. ചൊവ്വാഴ്ച 15,504 ഹെൽമറ്റുകൾ പിടിച്ചെടുത്ത മൈസൂരു പൊലീസ് പിറ്റേന്നുമുതൽ‌ വീഴ്ച വരുത്തിയ ബൈക്ക് യാത്രികരിൽനിന്നു പിഴയും ഈടാക്കി തുടങ്ങി. ബെംഗളൂരുവിൽ ബൈക്ക് യാത്രികർക്കു പുതിയ ഹെൽമറ്റ് വാങ്ങുന്നതിനു വേണ്ടിയാണ് ഒരു മാസം സമയം അനുവദിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us